അമിതമായ ചൂട് മൂലം ലോകത്ത് ഓരോ മിനിട്ടിലും കുറഞ്ഞത് ഒരാളെങ്കിലും മരിക്കുന്നുവെന്ന് റിപ്പോർട്ട്. ലാൻസെറ്റ് കൗണ്ട്‌ഡൗൺ ഓൺ ഹെൽത്ത് ആൻഡ് ക്ലൈമറ്റ് ചേഞ്ച് റിപ്പോർട്ടിലാണ് ഈക്കാര്യം വ്യക്തമാക്കുന്നത്. ഫോസിൽ ഇന്ധനങ്ങളോടുള്ള ലോകത്തിന്റെ ആസക്തി വായു മലിനീകരണത്തിനും കാട്ടുതീക്കും ഡെങ്കിപ്പനി പോലുള്ള രോഗങ്ങളുടെ വ്യാപനത്തിനും കാരണമാകുന്നു. ആഗോള താപനം തടയുന്നതിലെ പരാജയം മൂലം ഓരോ വർഷവും ദശലക്ഷക്കണക്കിന് ആളുകളാണ് മരിക്കുന്നത് എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഉയരുന്ന താപനില ഓരോ വർഷവും 5,50,000 പേരുടെ മരണത്തിന് കാരണമാകുന്നതായി ദ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു. 1990കളിൽ നിന്ന് 2025ലേക്ക് എത്തുമ്പോൾ ഉയരുന്ന താപനില മൂലമുള്ള മരണങ്ങളിൽ 63 ശതമാനത്തിന്റെ കുതിപ്പുണ്ടായതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 71 സ്ഥാപനങ്ങളിലെ 128 ഗവേഷകരെ ഉൾപ്പെടുത്തിയാണ് ഈ വിലയിരുത്തൽ. കാലാവസ്ഥാ വ്യതിയാനം മനുഷ്യന്റെ ആരോഗ്യത്തിന് എത്രത്തോളം ഭീഷണിയാണെന്നതിൻറെ ഗുരുതരമായ ഒരു ഓർമപ്പെടുത്തലാണ് ഈ കണക്കുകൾ.


















