തണുത്ത കാലാവസ്ഥ നിങ്ങളെ വിഷാദത്തിലാക്കാറുണ്ടോ? ഈ അവസ്ഥയെ സീസണൽ അഫക്റ്റീവ് ഡിസോഡർ അഥവാ എസ്എഡി എന്നാണ് ആരോഗ്യ വിദഗ്ദ്ധർ വിശേഷിപ്പിക്കുന്നത്. ദിവസം മുഴുവൻ അലസത, മുൻപ് ആസ്വദിച്ച് ചെയ്തിരുന്ന കാര്യങ്ങളിൽ താൽപര്യമില്ലാതെയാവുക, മന്ദത അനുഭവപ്പെടുക, നിരാശ, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ എന്നിവയാണ് എസ്എഡിയുടെ പ്രധാന ലക്ഷണങ്ങൾ. സീസണൽ അഫക്റ്റീവ് ഡിസോഡർ എങ്ങനെ നേരിടാമെന്നും ആരോഗ്യവിദഗ്തർ പറയുന്നുണ്ട്. സൂര്യപ്രകാശം കൊള്ളുന്നത് അതിന് ഉത്തമ പരിഹാരമാണ്. രാവിലെയും വൈകുന്നേരവും ഇളം വെയിൽ കൊള്ളുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. കൂടാതെ മടുപ്പ് തോന്നുന്ന സമയം ഏറ്റവും അടുത്ത സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിളിച്ച് സംസാരിക്കാം. ആളുകളുമായി ഇടപഴകുന്നത് ഈ അവസ്ഥയെ മെച്ചപ്പെടുത്താൻ സഹായിക്കും. വായന, സെൽഫ് കെയർ, തുടങ്ങിയ ശീലങ്ങൾ നിങ്ങളെ കൂടുതൽ തിരക്കിലാക്കുകയും വിഷാദഭാവത്തിൽ നിന്നും പുറത്തു കടക്കുകയും ചെയ്യാം. എത്ര നിരാശ തോന്നിയാലും വ്യായാമം ചെയ്യുന്നത് മുടക്കരുത്. വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ ഹാപ്പി ഹോർമോണുകളെ ഉത്പാദിപ്പിക്കാൻ സാധിക്കും. അതിലൂടെ മെച്ചപ്പെട്ട മാനസികാവസ്ഥ ഉണ്ടാക്കാൻ സാധിക്കുമെന്നും ആരോഗ്യവിദഗ്തർ പറയുന്നു.



















