നിലപാടില്‍ ഉറച്ച് പൊലീസ്, യുഎപിഎ പിന്‍വലിക്കില്ല; അലന്റേയും താഹയുടേയും ജാമ്യാപേക്ഷയില്‍ വിധി നാളെ

കോഴിക്കോട്: അലന്‍ താഹ എന്നീ വിദ്യാര്‍ത്ഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികള്‍ മാവോയിറ്റുകളാണെന്ന നിലപാടിലുറച്ച് പൊലീസ്. ഇരുവരുടയും ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും.

അതേസമയം ഇരുവരും നിരോധിത സംഘടനയുടെ അംഗങ്ങളെന്ന് തെളിയിക്കുന്ന രേഖകളൊന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ കയ്യിലില്ലെന്ന് പ്രതിഭാഗം വാദിച്ചു. യുഎപിഎ നിലനില്‍ക്കില്ലെന്ന് വാദിച്ച പ്രതിഭാഗം, പിടിയിലായവര്‍ ഏതു ദിവസും കോടതിയില്‍ ഹാജരാകാന്‍ തയാറാണെന്നും അറിയിച്ചു.

എന്നാല്‍ പ്രതികളുടെ പക്കല്‍ നിന്നും പിടികൂടിയ പുസ്തകങ്ങള്‍ കോടതിയില്‍ ഹാജരാക്കി. ഇതൊക്കെ എന്താണെന്ന് കോടതി പ്രതിഭാഗത്തോട് ചോദിച്ചു. പ്രതികളുടെ പക്കല്‍ നിന്നും കണ്ടെടുത്ത നോട്ടീസുകളും കോടതിയില്‍ പൊലീസ് ഹാജരാക്കിയിരുന്നു. ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കേസില്‍ നാളെ വിധി പറയാമെന്ന് കോടതി അറിയിച്ചത്.

പ്രതികള്‍ക്കെതിരെ ചുമത്തിയ യുഎപിഎ പിന്‍വലിക്കില്ലെന്നാണ് ഇന്ന് പ്രോസിക്യുഷന്‍ കോടതിയെ അറിയിച്ചത്. മൂന്നാമനായുള്ള തെരച്ചില്‍ നടക്കുന്നുണ്ട്. സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട ദളത്തിലെ അംഗങ്ങളാണ് അലനും താഹയും പിടിയിലാകാനുള്ള മൂന്നാമനുമെന്നാണ് പൊലീസ് പറയുന്നത്.

LEAVE A REPLY