മരുന്നിനെ പ്രതിരോധിക്കുന്ന കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ പുതിയ മരുന്ന് കണ്ടെത്തി ടാറ്റ മെമ്മോറിയല്‍ കാന്‍സര്‍ റിസര്‍ച്ച്. സ്തനാര്‍ബുദം ഉണ്ടാക്കുന്ന കാന്‍സര്‍ കോശങ്ങള്‍ കീമോ തെറാപ്പിയില്‍ പൂര്‍ണമായും നശിക്കാറില്ല. രോഗം ഭേദമായിക്കഴിഞ്ഞാലും ഇവ ശരീരത്തില്‍ മറഞ്ഞിരിക്കാം. വര്‍ഷങ്ങള്‍ക്ക് ശേഷം ഇവ വീണ്ടും ശക്തയാര്‍ജ്ജിക്കുകയും ചെയ്യാമെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍ ഇവ ശ്വാസകോശം പോലുള്ള മറ്റ് അവയവങ്ങളെയായിരിക്കും ബാധിക്കുക. മാത്രമല്ല, മരുന്നുകളെ പ്രതിരോധിക്കാനുള്ള കഴിവ് ഇവ നേടിയെടുത്തിട്ടുമുണ്ടാവും. ചികിത്സയ്ക്ക് വെല്ലുവിളിയാകുന്ന ഇത്തരം കോശങ്ങളെ നശിപ്പിക്കാനുള്ള മരുന്നാണ് ഗവേഷകര്‍ കണ്ടിത്തിയിരിക്കുന്നത്. ആഗോളതലത്തില്‍ തന്നെ കോടിക്കണക്കിന് കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കുന്ന കണ്ടെത്തലാണിത്. ടാറ്റ മെമ്മോറിയല്‍ സെന്റര്‍-അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ ട്രീറ്റ്‌മെന്റ്, റിസര്‍ച്ച് ആന്റ്എജുക്കേഷനിലെ ഗവേഷക ഡോ. നന്ദിനി വര്‍മയുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്. ഇത്തരം കോശങ്ങളില്‍ മരുന്നിനെ പ്രതിരോധിക്കുന്ന തന്‍മാത്രകളെ കണ്ടെത്തുകയായിരുന്നു ലക്ഷ്യമെന്ന് റെഡോക്‌സ് ബയോളജി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഗവേഷകര്‍ വ്യക്തമാക്കുന്നു. കീമോതെറാപ്പി നിര്‍ത്തുന്നതോടെ കൂടുതല്‍ രൂക്ഷമായ രീതിയിലാണ് ഇത്തരം കോശങ്ങള്‍ പിന്നീട് പെരുമാറുന്നത്. ഇവ എങ്ങനെ കീമോതെറാപ്പിയെ അതിജീവിക്കുന്നു എന്നും കണ്ടെത്തി. GPX4, FSP1 എന്നീ തന്‍മാത്രകളെയാണ് കണ്ടെത്തിയത്. FSP1നെ തടയാന്‍ കഴിഞ്ഞാല്‍ ഇവയുടെ പ്രതിരോധശേഷി ഇല്ലാതാക്കാന്‍ കഴിയുമെന്ന് കണ്ടെത്തി. ഈ രണ്ട് തന്‍മാത്രകളെയും തടയുന്ന ചികിത്സാ രീതിയാണ് ഗവേഷകര്‍ വികസിപ്പിച്ചത്.


















