ആര് മുഖ്യമന്ത്രിയാകും, എഐസിസി നിരീക്ഷകരുടെ ചര്‍ച്ച പുരോഗമിക്കുന്നു

യു.ഡി.എഫിന്റെ മിന്നുന്ന വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി ആരാകണമെന്നതില്‍ തിരുവനന്തപുരത്ത് എ ഐ സി സി നിരീക്ഷകരുടെ നേതൃത്വത്തില്‍ നിര്‍ണായക ചര്‍ച്ച. വി.ഡി സതീശന്‍, കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് ചര്‍ച്ചയില്‍ പ്രധാനമായും ഉയര്‍ന്ന് കേള്‍ക്കുന്നത്. തര്‍ക്കം ഒഴിവാക്കാന്‍ നിരീക്ഷക സംഘം നാലാമത് ഒരു പേര് നിര്‍ദ്ദേശിക്കാനുള്ള സാധ്യത കുറവാണെന്നും മൂന്നില്‍ ഒരാളെ തിരഞ്ഞെടുത്തേക്കുമെന്നുമാണ് സൂചന.

കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണ കെ സി പക്ഷത്തിനാണെന്നാണ് സൂചന. അതേസമയം മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കില്‍ മന്ത്രിസഭയില്‍ അംഗമാകാന്‍ താല്‍പര്യമില്ലെന്ന് നിരീക്ഷകരോട് വി.ഡി സതീശന്‍ പ്രതികരിച്ചതായ വാര്‍ത്തകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഈ പ്രചരണം തെറ്റാണെന്ന് വി.ഡി പക്ഷം പിന്നീട് വ്യക്തമാക്കി.

സീനിയോറിറ്റിയാണ് രമേശ് ചെന്നിത്തല ചൂണ്ടിക്കാണിക്കുന്നത്. തന്റെ രാഷ്ട്രീയ പാരമ്പര്യവും രാഷ്ട്രീയ അച്ചടക്കവും പ്രവൃത്തി പരിചയവും മുഖ്യമന്ത്രിയാകുന്നതിന് പരിഗണിക്കണമെന്നാണ് അദ്ദേഹത്തിന്റെ വാദം. അതേസമയം, അണികള്‍ക്കിടയില്‍ പോസ്റ്റര്‍ തര്‍ക്കം രൂക്ഷമാണ്. പലയിടങ്ങളിലും പ്രിയ നേതാവിനായി അണികള്‍ പോസ്റ്ററുകള്‍ സ്ഥാപിച്ചതും വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.