പൂച്ചയുമായുള്ള സ്ഥിരമായ സഹവാസം മനുഷ്യരിൽ ‘സ്കീസോഫ്രീനിയ‘ എന്ന മാനസികാരോഗ്യ അവസ്ഥ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെന്ന് പഠനം. ഓസ്‌ട്രേലിയയിലെ ക്വീൻസ് ലാൻഡ് സെന്റർ ഫോർ മെന്റൽ ഹെൽത്ത് റിസർച്ചിലെ ഗവേഷകർ നടത്തിയ പഠനം സ്കീസോഫ്രീനിയ ബുളളറ്റിനിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 44 വർഷങ്ങളായി യുഎസ്, യുകെ എന്നിവയുൾപ്പെടെ 11 രാജ്യങ്ങളിലായി നടത്തിയ 17 പഠനങ്ങൾ വിശകലനം ചെയ്താണ് പുതിയ പഠനം നടത്തിയത്. പൂച്ചകളുമായി സമ്പർക്കം പുലർത്താത്തവരെ അപേക്ഷിച്ച് പൂച്ചയുമായി സമ്പർക്കം പുലർത്തുന്ന ആളുകൾക്ക് മാനസിക രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെന്നാണ് പഠനത്തിലൂടെ ഗവേഷകർ വ്യക്തമാക്കുന്നത്. പൂച്ചകളിൽ സാധാരണയായി കാണപ്പെടുന്ന ‘ടോക്‌സോപ്ലാസ്മ ഗോണ്ടി’ എന്ന പാരസൈറ്റ് അവയോടൊപ്പമുള്ള സ്ഥിരമായ സഹവാസത്തെ തുടർന്ന് മനുഷ്യരുടെ ശരീരത്തിൽ എത്തിപ്പെടുന്നു. ഈ പാരസൈറ്റ് ശരീരത്തിൽ കയറി കേന്ദ്ര നാഡീവ്യൂഹത്തിൽ എത്തിയാൽ ന്യൂറോ ട്രാൻസ്മിറ്ററുകളെ ബാധിക്കുകയും ഇത് വ്യക്തിത്വ മാറ്റങ്ങൾ, മാനസിക രോഗ ലക്ഷണങ്ങൾ, മാനസിക വൈകല്യങ്ങൾ എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുമെന്ന് പഠനത്തിൽ ഗവേഷകർ കണ്ടെത്തി.






















