നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുന്നത് വൃക്കയുടെ ആരോഗ്യം അപകടത്തിലാക്കുമെന്ന് പഠനം. ഇത്തരം തൊഴില്‍ ശൈലിയില്‍ ദീര്‍ഘകാലം ഏര്‍പ്പെടുന്നത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയും ഊര്‍ജ്ജം, ഭക്ഷണശീലങ്ങള്‍, മാനസികാവസ്ഥ എന്നിവയെ ബാധിക്കുകയും ചെയ്യുമെന്ന് പഠനറിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക്, പ്രത്യേകിച്ച് ചെറുപ്പക്കാര്‍ക്കും അധിക കായികാധ്വാനമില്ലാത്ത ജോലികളിലേര്‍പ്പെടുന്നവരും വൃക്കയില്‍ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തില്‍ കണ്ടെത്തി. മയോ ക്ലിനിക്ക് പ്രൊസീഡിംഗ്സില്‍ ആണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഏകദേശം 14 വര്‍ഷങ്ങള്‍ക്കുള്ളില്‍ രണ്ട് ലക്ഷത്തിലധികം ആളുകളെ നിരീക്ഷിച്ചതിന് ശേഷമാണ് ഗവേഷകര്‍ പഠനം പ്രസിദ്ധീകരിച്ചത്. ആരൊക്കെ രാത്രിയില്‍ ജോലി ചെയ്തു, എത്ര തവണ, എത്രകാലം എന്നിവ പരിശോധിച്ചു. സാധാരണ പകല്‍ ജോലിക്കാരെ അപേക്ഷിച്ച് രാത്രി ഷിഫ്റ്റ് ജോലിക്കാരുടെ വൃക്കയില്‍ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യത 15% കൂടുതലായിരിക്കുമെന്ന് പഠനത്തില്‍ കണ്ടെത്തി. ഇത് പ്രായമായ തൊഴിലാളികളെ മാത്രമല്ല ബാധിച്ചത്. പകരം, രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്ന ചെറുപ്പക്കാരായ ജീവനക്കാരെയാണ് ഏറ്റവും മോശമായി ബാധിച്ചതെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.




















