മൂത്രനാളിയിലെ അണുബാധയ്ക്ക് അടുക്കളകള്‍ കാരണമാകുമെന്ന് പഠനം

അഞ്ചില്‍ ഒരാള്‍ക്ക് മൂത്രനാളിയിലെ അണുബാധ മൂലം രോഗം ബാധിക്കുന്നത് അടുക്കളയില്‍ നിന്നെന്ന് പഠനം. തെക്കന്‍ കാലിഫോര്‍ണിയയില്‍ നടത്തിയ ഒരു പഠനത്തിലാണ് ഈക്കാര്യം വ്യക്തമാക്കുന്നത്. അസുഖവുമായി ചികിത്സ തേടുന്നവരില്‍ അഞ്ചിലൊരാള്‍ അടുക്കളയില്‍ നിന്നാണ് രോഗബാധിതനാവുന്നതെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. അടുക്കളയില്‍ ഭക്ഷണ സാധനങ്ങള്‍ ശുചിത്വമില്ലാതെ കൈകാര്യം ചെയ്യുന്നതും ഇ-കോളി ബാക്ടീരിയയുമാണ് അണുബാധക്ക് കാരണമാവുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. മനുഷ്യരില്‍ വയറിളക്കമടക്കം അസുഖങ്ങള്‍ക്ക് കാരണമാവുന്ന ഇ-കോളി, ഭക്ഷണം കൈകാര്യം ചെയ്യുന്നതിലെ പിഴവുമൂലം മൂത്രനാളിയില്‍ അണുബാധക്ക് കാരണമാവുന്നതായാണ് കണ്ടെത്തല്‍. യു.ടി.ഐ രോഗികളില്‍ നിന്നുള്ള 5,700-ലധികം ഇ-കോളി സാമ്പിളുകള്‍ പഠനത്തില്‍ വിശകലനം ചെയ്തു. ഇവയുടെ ജനിതക വിവരങ്ങള്‍ പ്രദേശത്ത് 2017നും 2021നും ഇടയില്‍ വിപണനം നടത്തിയ ടര്‍ക്കി, ചിക്കന്‍, ബീഫ്, പോര്‍ക്ക് എന്നിവയുടെ മാംസത്തില്‍ കണ്ടെത്തിയവയുമായി താരതമ്യം ചെയ്തു. യു.ടി.ഐ ബാധിച്ചവരില്‍ അഞ്ചിലൊളില്‍ ബാക്ടീരിയയുടെ ജനിതക വിവരങ്ങള്‍ മാംസത്തിലെ ബാക്ടീരിയയുമായി പൊരുത്തപ്പെടുന്നതായി പഠനത്തില്‍ ഗവേഷകര്‍ കണ്ടെത്തി. മാംസത്തില്‍, കോഴിയിറച്ചിയിലാണ് കൂടുതല്‍ ബാക്ടീരിയ സാന്നിധ്യം കാണിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു. ഇന്ത്യയില്‍ മൂത്രനാളിയിലെ അണുബാധകള്‍ വ്യാപകമായ ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ്. ഈ സാഹചര്യത്തില്‍ വ്യക്തി ശുചിത്വത്തിനൊപ്പം അടുക്കളയിലും ആരോഗ്യപരമായ ശീലങ്ങള്‍ തുടരുന്നത് ഗുണകരമാവുമെന്ന് വ്യക്തമാക്കുന്നതാണ് ഈ പഠനം.