പ്രതികരിക്കാനുള്ള അവകാശം ഇന്ത്യയ്ക്കുണ്ടെന്ന് ഫ്രാന്‍സ്, പിന്തുണച്ച് ഓസ്‌ട്രേലിയ, കൈയ്യൊഴിഞ്ഞ് ചൈന, ലോക രാജ്യങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ട് പാക്കിസ്ഥാന്‍

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നല്‍കിയത്. പാക്കിസ്ഥാനില്‍ കയറി ഭീകരക്യാമ്പുകള്‍ ഇന്ത്യന്‍ വ്യോമസേന ചുട്ടെരിച്ചു. എന്നാല്‍ പാക്കിസ്ഥാന്‍ ഇതോടെ ഒറ്റപ്പെട്ടിരിക്കുകയാണ്. പൊതുവെ പാക്കിസ്ഥാനെ പിന്തുണയ്ക്കുന്ന ചൈനയുടെ ഭാഗത്ത് നിന്നുപോലും പരസ്യമായ പിന്തുണലഭിച്ചില്ല. യുദ്ധം ഒഴിവാക്കണമെന്ന ഒരു പ്രസ്താവനമാത്രമാണ് ചൈനയുടെ ഭാഗത്തുനിന്നും ഉണ്ടായത്.

അതേസമയം ഇന്ത്യയെ അനുകൂലിച്ച് ഫ്രാന്‍സ് രംഗത്തെത്തി. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ ഇല്ലാതാക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്ന് ഫ്രാന്‍സ് വ്യക്തമാക്കി. ഇത്തരം ഭീകര പ്രവര്‍ത്തനങ്ങള്‍ സ്വന്തം മണ്ണില്‍ ഉണ്ടാകാതെ നോക്കേണ്ടത് പാക്കിസ്ഥാന്റെ ഉത്തരവാദിത്വമാണെന്നും ഫ്രഞ്ച് വിദേശ മന്ത്രാലയം വ്യക്തമാക്കി.

നേരത്തെ ഓസ്‌ട്രേലിയയും ഇന്ത്യക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഭീകര ഗ്രൂപ്പുകള്‍ക്കെതിരെ പാക്കിസ്ഥാന്‍ എത്രയും പെട്ടെന്ന് നടപടിയെടുക്കണം. ഫെബ്രുവരി 14 ന് ഇന്ത്യയില്‍ ആക്രമണം നടത്തിയ ജെയ്‌ഷെ മുഹമ്മദിനെതിരേയും മറ്റൊരു ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തോയ്ബയ്ക്ക് നേരേയും കൃത്യവും ശക്തവുമായ നടപടികള്‍ പാക്കിസ്ഥാന്‍ എടുക്കണമെന്ന് ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി മാരിസ് പെയ്ന്‍ ആവശ്യപ്പെട്ടു.

LEAVE A REPLY