ഇന്ത്യ: കോവിഡ് അവലോകനം

രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം 4000 കടന്നു. മിനിസ്ട്രി ഓഫ് ഹെൽത്ത്‌ ആൻഡ് ഫാമിലി വെൽഫെയറിന്റെ കണക്കനുസരിച്ച് രാജ്യത്താകെ 4067 കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 3666 പേർ ഇപ്പോൾ ചികിത്സയിലാണ്. 292 പേർ രോഗമുക്തി നേടി. 109 പേർ രോഗത്താൽ മരണമടഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 626 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ ആണ് ഏറ്റവും കൂടുതൽ കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത് (690). 42 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 45 മരണവും മഹാരാഷ്ട്രയിൽ മാത്രം റിപ്പോർട്ട് ചെയ്തു. അരുണാചൽ പ്രദേശ്, മിസോറാം എന്നിവിടങ്ങളിൽ ഓരോ കേസ് വീതമേ റിപ്പോർട്ട് ചെയ്തിട്ടുള്ളു എന്നത് ആശ്വാസകരമായ കാര്യമാണ്. രോഗികളുടെ എണ്ണത്തിൽ രണ്ടാമത് തമിഴനാടും മൂന്നാമത് ഡൽഹിയുമാണ്. തമിഴ്നാട്ടിൽ 571, ഡൽഹിയിൽ 503 രോഗികൾ ചികിത്സയിലുണ്ട്. ഡൽഹിയിൽ ഏഴ് മരണവും തമിഴ്നാട്ടിൽ അഞ്ചു മരണവും റിപ്പോർട്ട് ചെയ്തു. കേരളത്തിൽ 314 പേരാണ് ചികിത്സയിലുള്ളത്. 55 പേർ രോഗത്തിൽനിന്ന് മോചിതരായിട്ടുണ്ട്. ഏറ്റവും കൂടുതൽ പേർ രോഗമുക്തി നേടിയത് കേരളത്തിലാണ്.

രാജ്യത്തെ രോഗികളിൽ ഭൂരിപക്ഷവും നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്തവരാണ്. തമിഴ്നാട്, തെലങ്കാന, ഡൽഹി എന്നിവിടങ്ങളിലാണ് നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കാളികളായ രോഗികൾ കൂടുതലുള്ളത്. ഇന്ത്യയിലെ കൊറോണ ബാധിതരിൽ കൂടുതലും യുവാക്കൾ. കോവിഡ് റിപ്പോർട്ട് ചെയ്തതിൽ ഭൂരിഭാഗവും 60 വയസിൽ താഴെയുള്ളവരെന്ന് കണക്കുകൾ പറയുന്നു. രാജ്യത്ത് കൊറോണ ബാധിച്ചവരിൽ 80 ശതമാനവും 60 വയസിൽ താഴെയുള്ളവരാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ പറയുന്നു.

എന്നാൽ രാജ്യത്ത് കൊറോണ വന്ന് മരിച്ചവരിൽ അധികവും പ്രായമായവരാണ്. ഹൃദ്രോഗം, വൃക്ക സംബന്ധമായ രോഗങ്ങൾ, പ്രമേഹം, ഹൈപ്പർടെൻഷൻ, രോഗ പ്രതിരോധ ശേഷി ഇല്ലായ്മ തുടങ്ങിയ ആരോഗ്യ സാഹചര്യങ്ങൾ ഉള്ളവരാണ് മരിച്ചവരിൽ അധികവും. പ്രായമുള്ളവരെയും സ്ഥിര രോഗമുള്ളവരെയുമാണ് കോവിഡ് ഗുരുതരമായി ബാധിക്കുക. ആരോഗ്യമുള്ളവരെ പൊതുവിൽ കോവിഡ് ഗുരുതരമായി ബാധിക്കില്ല എന്നാണ് നിഗമനം.

LEAVE A REPLY