ഭക്ഷണശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ? കാരണങ്ങൾ ഇതൊക്കെയാണ്.
പലർക്കും ഭക്ഷണം കഴിച്ച ശേഷം മധുരം കഴിക്കാൻ തോന്നുന്നത് ഒരു സാധാരണ കാര്യമാണ്. ഇതിനു പിന്നിൽ ചില ശാരീരികവും മാനസികവുമായ കാരണങ്ങളുണ്ട്. ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റ് കൂടുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടും. ഇത് നിയന്ത്രിക്കാൻ ഇൻസുലിൻ ഉത്പാദിപ്പിക്കപ്പെടുമ്പോൾ ചിലപ്പോൾ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറഞ്ഞുപോകാം. ഈ അവസ്ഥയിൽ ഊർജ്ജം ലഭിക്കാൻ ശരീരം മധുരം ആവശ്യപ്പെടുന്നതാണ് ഒരു കാരണം. മറ്റൊന്ന്, മധുരം കഴിക്കുമ്പോൾ തലച്ചോറിൽ സന്തോഷം നൽകുന്ന ഡോപാമൈൻ പോലുള്ള ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് വീണ്ടും മധുരം കഴിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നു. കുട്ടിക്കാലം മുതൽ ഭക്ഷണം കഴിഞ്ഞാൽ മധുരം കഴിക്കുന്ന ശീലം പിന്തുടരുന്നവർക്ക് ഇതൊരു മാനസികാവസ്ഥയായി മാറിയേക്കാം. ചില ലളിതമായ മാറ്റങ്ങളിലൂടെ ഭക്ഷണശേഷം മധുരം കഴിക്കാനുള്ള ആഗ്രഹം നിയന്ത്രിക്കാനാവും. മധുരം കഴിക്കാൻ തോന്നിയാൽ പ്രകൃതിദത്തമായ മധുരമുള്ള പഴങ്ങൾ കഴിക്കാം. കൊക്കോയുടെ അംശം കൂടുതലുള്ള ഡാർക്ക് ചോക്ലേറ്റ് ചെറിയ അളവിൽ കഴിക്കുന്നതും നല്ലതാണ്. അതുപോലെ, ഭക്ഷണത്തിൽ പ്രോട്ടീനും നാരുകളും ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. കൂടാതെ, ഭക്ഷണം കഴിച്ച ശേഷം അൽപനേരം നടക്കുന്നത് ദഹനത്തിനും മധുരം കഴിക്കാനുള്ള ആഗ്രഹം കുറയ്ക്കുന്നതിനും സഹായിക്കും. എന്നാൽ ഭക്ഷണ ക്രമങ്ങളിൽ മാറ്റം വരുത്തുന്നതിന് മുൻപ് ആരോഗ്യ വിദഗ്ദ്ധരുമായി സംസാരിക്കുന്നതാണ് ഉചിതം



















