സ്മാര്‍ട്‌ഫോണ്‍ ഉപയോഗം മൂന്നു മണിക്കൂറില്‍ അധികമായാല്‍

ദിവസവും മൂന്നു മണിക്കൂറിലധികം സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിപ്പ് നല്‍കി ആരോഗ്യവിദഗ്ധര്‍. അമിതമായ സ്‌ക്രീന്‍ ടൈമും അനാരോഗ്യകരമായ ഇരുത്തവും കണ്ണുകള്‍ക്ക് മാത്രമല്ല മറിച്ച് നട്ടെല്ലിനും പണി തരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. തല മുന്നോട്ട് കുനിച്ച് കൈയിലുള്ള ഫോണില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് നട്ടെല്ലിനും അനുബന്ധ പേശികള്‍ക്കും ഞരമ്പുകള്‍ക്കും അനാവശ്യ സമ്മര്‍ദ്ദം ഉണ്ടാക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നു. ഒരു ദിവസം അഞ്ചു മുതല്‍ ഏഴ് മണിക്കൂര്‍ വരെ തല ഫോണിലേക്ക് ചരിച്ച് വെക്കുന്നത് ടെക്സ്റ്റ് നെക്ക് പ്രതിഭാസം എന്ന് അറിയപ്പെടുന്നു. ഇത് കഴുത്തിലെ പേശികള്‍, ഞരമ്പുകള്‍, അസ്ഥികള്‍ എന്നിവക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും വിട്ടുമാറാത്ത വേദനക്ക് കാരണമാകുകയും ചെയ്യുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. കാലക്രമേണ ഇത് ഡിസ്‌ക് ഡീജനറേഷന്‍, നട്ടെല്ലിലെ സന്ധികളുടെ തേയ്മാനം, ഹെര്‍ണിയേറ്റഡ് ഡിസ്‌കുകള്‍ എന്നിവക്ക് കാരണമാകാം. കൂടുതല്‍ സമയം കഴുത്ത് മുന്നോട്ട് ചരിച്ച് വെക്കുന്നത് കഴുത്തിന്റെ സ്വാഭാവിക വക്രത നഷ്ടപ്പെടാനും ഇതുവഴി തലവേദന, കൈകളില്‍ തരിപ്പ് അനുഭവപ്പെടുക, നടക്കുമ്പോഴുള്ള അസന്തുലിതാവസ്ഥ എന്നിവക്കും കാരണമാകാമെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്ധര്‍.