അപമാനിച്ചുവെന്ന പരാതിയില്‍ കളക്ടര്‍ ബ്രോയ്ക്ക് നോട്ടീസ്

കോഴിക്കോട്: സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന കോഴിക്കോട് എം.പി എം.കെ രാഘവന്റെ പരാതിയില്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍. പ്രശാന്തിന് ചീഫ് സെക്രട്ടറിയുടെ നോട്ടീസ്. ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് ആണ് കലക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. 15 ദിവസത്തിനകം കലക്ടര്‍ മറുപടി നല്‍കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു.
നേരത്തെ എം.പിയും കലക്ടറും തമ്മില്‍ എം.പി ഫണ്ട് ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട് വാക് തര്‍ക്കം ഉണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള തര്‍ക്കം സോഷ്യല്‍ മീഡിയയിലും സ്ഥാനംപിടിച്ചിരുന്നു. അന്ന് എം.പി നല്‍കിയ പരാതിയിലാണ് ഇപ്പോഴത്തെ നടപടി.

കലക്ടര്‍ മാപ്പ് പറയണമെന്ന് എം.പി ആവശ്യപ്പെട്ടപ്പോള്‍ കുന്നംകുളത്തിന്റെ മാപ്പ് തന്റെ പേജില്‍ പോസ്റ്റ് ചെയ്തായിരുന്നു കളക്ടറുടെ പ്രതികരണം. തുടര്‍ന്ന് എം.പി മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കുകയും ചീഫ് സെക്രട്ടറി വിശദീകരണം തേടുകയും ചെയ്തിരുന്നു. അന്ന് പ്രശാന്ത് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ചാണ് പുതിയ നോട്ടീസ്.

LEAVE A REPLY