കോട്ടയത്ത് ജോസ് കെ മാണിയെ പൊളിക്കാന്‍ സിപിഎം സുരേഷ് കുറുപ്പിനേയോ ജെയ്ക്കിനെയോ ആയുധമാക്കും

കോട്ടയം: യുഡിഎഫില്‍ ഉമ്മന്‍ചാണ്ടിയും നിഷാ കെ ജോസ് കെ മാണിയും എല്‍ഡിഎഫില്‍ ജനതാദളിന്റെ ആവശ്യവുമൊക്കെയായി വരുന്ന ലോക്‌സഭാ സീറ്റില്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഹോട്ട് സീറ്റായി മാറുകയാണ് കോട്ടയം. യുഡിഎഫില്‍ കേരളാകോണ്‍ഗ്രസിന്റെ സീറ്റില്‍ ഉമ്മന്‍ചാണ്ടിയുടെ വരെ പേരുകള്‍ പറഞ്ഞു കേള്‍ക്കുമ്പോള്‍ എല്‍ഡിഎഫില്‍ ജനതാദളില്‍ നിന്നും സിപിഎം സീറ്റ് ഏറ്റെടുത്താല്‍ സുരേഷ്‌കുറുപ്പോ യുവനേതാവ് ജെയ്‌ക്കോ ആയുധമാകും.

യുഡിഎഫില്‍ കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുത്താല്‍ ഉമ്മന്‍ചാണ്ടി മത്സരിച്ചേക്കുമെന്ന് ശ്രുതി ഉണ്ടെങ്കിലും കേരളാകോണ്‍ഗ്രസ് സീറ്റ് വിട്ടുകൊടുക്കാന്‍ ഇടയില്ലെന്നാണ് ജോസ് കെ മാണി തന്നെ നല്‍കുന്ന സൂചനകള്‍. അതേസമയം ഇത്തവണ ജനതാദളില്‍ നിന്നും സിപിഎം സീറ്റ് ഏറ്റെടുത്തേക്കുമെന്നും നാലു തവണ ഇവിടെ നിന്നും ജയിച്ച ഏറ്റുമാനൂര്‍ എംഎല്‍എ സുരേഷ് കുറുപ്പിനെ പരീക്ഷിച്ചേക്കും എന്നാണ് കേള്‍ക്കുന്നത്. കഴിഞ്ഞ രണ്ടു തവണയും കേരളാകോണ്‍ഗ്രസ് ജയിച്ച മണ്ഡലത്തില്‍ യുവരക്തം ജെയ്ക്കിനെ പരീക്ഷിച്ചേക്കാനും സാധ്യതകള്‍ ഉയരുന്നുണ്ട്.

കോട്ടയം പിടിച്ചെടുക്കണമെങ്കില്‍ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയെ തന്നെ വേണമെന്ന് വ്യക്തമായി അറിയാവുന്ന സിപിഎം അനുകൂലമായ അവസരമാണ് മുന്നിലുള്ളതെന്നാണ് വിലയിരുത്തുന്നത്. കാലം തികയ്ക്കും മുമ്പ് രാജ്യസഭയിലേക്ക് പ്രവേശനം ഒപ്പിച്ച് സീറ്റ് ഒഴിച്ചിട്ട് പോയ കേരളാകോണ്‍ഗ്രസിന്റെ ജോസ് കെ മാണി യെ സ്ഥാനമോഹി എന്ന് മുദ്രകുത്തി സീറ്റ് പിടിക്കാനാണ് എല്‍ഡിഎഫിന്റെ ശ്രമം. കോണ്‍ഗ്രസുമായി നില്‍ക്കുന്ന ഭിന്നതയും മണ്ഡലത്തോടുള്ള ജോസ് കെ മാണിയുടെ അവഗണനയുമെല്ലാം സിപിഎമ്മിന് പറയാനുമുണ്ട്.

അതേസമയം തന്നെ കോട്ടയം കാര്യത്തില്‍ എല്‍ഡിഎഫിന് തലവേദനയുമായി ജനതാദളും നില്‍ക്കുന്നുണ്ട്. അനുകൂല സാഹചര്യം മുതലെടുത്ത് കോട്ടയം പിടിക്കാന്‍ സിപിഎം തീരുമാനിച്ചുറച്ചാല്‍ ജനതാദളിന് വഴങ്ങേണ്ടി വരും. പകരം അവര്‍ ചോദിക്കുന്നത് സിപിഐ യുടെ തട്ടകമായ തിരുവനന്തപുരമാണ്. സിപിഐ ഇടയ്ക്ക് മിന്നിത്തെളിഞ്ഞിട്ടുള്ള കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന തിരുവനന്തപുരത്ത് കഴിഞ്ഞ രണ്ടു തവണയും സിപിഐ യ്ക്ക് പരാജയം നേരിടുകയും കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്ക് വോട്ട് ശതമാനത്തില്‍ മാറേണ്ടി വരികയും ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം കിട്ടില്ലെന്ന് ഉറപ്പുള്ളതിനാലും സാഹചര്യം അനുകൂലമായി നില്‍ക്കുന്നതിനാലും ജനതാദള്‍ കോട്ടയം വിട്ടുകളയാന്‍ സാധ്യതയില്ല. അതേസമയം
അഞ്ചു തവണ കേരളാ കോണ്‍ഗ്രസും ആറു തവണ കോണ്‍ഗ്രസുമായി 11 തവണയോളം യുഡിഎഫ് പാളയത്തിനൊപ്പം നിന്ന മണ്ഡലത്തില്‍ 1984, 1998, 1999, 2004 വര്‍ഷങ്ങളില്‍ നാലു തവണ സിപിഎം സ്ഥാനാര്‍ത്ഥിയായി സുരേഷ്‌കുറുപ്പ് ജയിച്ചിട്ടുള്ളതാണ് സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത്. ജനതാദള്‍ വിട്ടു കളഞ്ഞാല്‍ മാത്രം സിപിഎം കോട്ടയം ഏറ്റെടുക്കാമെന്ന നിലയിലാണ്.

കഴിഞ്ഞ തവണ ജനതാദള്‍ ഇവിടെ മത്സരിച്ചപ്പോള്‍ ജോസ് കെ മാണി ജയിച്ചു കയറിയത് ഒരു ലക്ഷം വോട്ടിന്റെ ഭുരിപക്ഷത്തിലായിരുന്നു. 2009 ല്‍ സിപിഎം ഇവിടെ സുരേഷ് കുറുപ്പിനെ പരീക്ഷിച്ചപ്പോഴും ജോസ് കെ മാണിയായിരുന്നു ജയിച്ചത്. 2004 ല്‍ ആന്റോ ആന്റണിയെ സുരേഷ്‌കുറുപ്പ് തോല്‍പ്പിച്ചിരുന്നു.

LEAVE A REPLY