മധുര പാനീയങ്ങൾ സ്ഥിരമായി കുടിക്കുന്നത് വലിയ അപകടത്തിലേക്ക് നയിക്കുമെന്ന് പഠനം. മധുരമടങ്ങിയ പാനീയങ്ങളിൽ കാണപ്പെടുന്ന ഗ്ലൂക്കോസ്-ഫ്രക്‌റ്റോസ് മിശ്രിതം വൻകുടലിൽ അർബുദം പടരാൻ കാരണമാകുമെന്ന് പഠനത്തിൽ കണ്ടെത്തി. നേച്ചർ മെറ്റബോളിസം എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. മുതിർന്നവർക്ക് പുറമെ കുട്ടികളും ഈ പാനീയങ്ങൾ ഉപയോഗിക്കുന്നു എന്നതാണ് ഇതിലെ ഏറ്റവും ആശങ്കാജനകമായ കാര്യം. മിക്ക മധുര പാനീയങ്ങളും ഗ്ലൂക്കോസിന്റെയും ഫ്രക്ടോസിന്റെയും സംയോജനം ഉപയോഗിച്ചാണ് നിർമിക്കുന്നത്. അവയുടെ സംയോജനമാണ് ഏറ്റവും മാരകമായ അപകടസാധ്യത ഉയർത്തുന്നതെന്ന് പഠനത്തിൽ പറയുന്നു. ഗ്ലൂക്കോസോ ഫ്രക്ടോസോ മാത്രമായി ഉപയോഗിച്ചപ്പോൾ ഈ പ്രശ്‌നം കണ്ടിരുന്നില്ല. എന്നാൽ, ഈ മിശ്രിതവുമായി സമ്പർക്കത്തിൽ വരുമ്പോൾ കാൻസർ കോശങ്ങൾ കൂടുതൽ ചലനക്ഷമമാവുന്നു. കൂടാതെ, വൻകുടലിൽ നിന്ന് കാൻസർ കരളിലേക്ക് അതിവേഗം പടരുന്നതായും പഠനത്തിൽ കണ്ടെത്തി.




















