ഇന്ത്യക്കാരിലെ അമിത വണ്ണം, വില്ലന്‍ കുക്കിങ് ഓയില്‍

ഇന്ത്യയിൽ അമിതവണ്ണമുള്ളവരുടെ എണ്ണത്തിൽ വൻ വർധന. നമ്മുടെ ദൈനംദിന ഭക്ഷണത്തിലെ അമിതമായ എണ്ണയുടെ ഉപയോഗമാണ് അമിത വണ്ണത്തിന് പ്രധാന കാരണമെന്ന് പ്രശസ്ത ന്യൂട്രീഷൻ കോച്ചായ റയാൻ ഫെർണാണ്ടോ വ്യക്തമാക്കുന്നു. ആളുകൾ സുരക്ഷിതമായ അളവിനേക്കാൾ വളരെ കൂടുതൽ എണ്ണ ഉപയോഗിക്കുന്നു. പ്രതിവർഷം 11 കിലോ എണ്ണയേ ഉപയോഗിക്കാൻ പാടുള്ളൂ എന്ന് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുമ്പോൾ, ഒരു ശരാശരി ഇന്ത്യക്കാരൻ പ്രതിവർഷം ഏകദേശം 19 കിലോ എണ്ണയാണ് ഉപയോഗിക്കുന്നത്. ഓരോ ടേബിൾസ്പൂൺ എണ്ണയിലും 100-ൽ അധികം കലോറി അടങ്ങിയിട്ടുണ്ട്. ഇക്കാര്യ പലരും അവഗണിക്കുന്നു. അമിതമായ എണ്ണയുടെ ഉപയോഗം അമിതവണ്ണം, ഫാറ്റി ലിവർ, ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവയ്ക്ക് കാരണമായേക്കാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന ഹൃദയാഘാതത്തിന്റെ കണക്കുകൾ ഈ ആരോഗ്യ പ്രതിസന്ധിയുടെ ഗൗരവം വ്യക്തമാക്കുന്നു. സാധ്യമാകുന്ന സാഹചര്യങ്ങളിലെല്ലാം എണ്ണയില്ലാതെ പാചകം ചെയ്യണമെന്നാണ് റയാൻ ഫെർണാണ്ടോ പറയുന്നത്. ഭക്ഷണം വളരെ കുറഞ്ഞ അളവിലോ അല്ലെങ്കിൽ ആവിയിൽ പുഴുങ്ങിയോ, ഗ്രിൽ ചെയ്‌തോ, റോസ്റ്റ് ചെയ്‌തോ കഴിക്കുക. പാത്രങ്ങളിലേക്ക് ഇഷ്ടമുള്ളത്ര എണ്ണ ഒഴിക്കുന്നതിന് പകരം അളന്നു തിട്ടപ്പെടുത്തി പാചകം ചെയ്യണമെന്ന് ഓർമ്മിപ്പിയക്കുകയാണ് റയാൻ ഫെർണാണ്ടോ. വീട്ടിലും പുറത്തുനിന്നും ഭക്ഷണം കഴിക്കുമ്പോഴും എണ്ണയുടെ ഉപയോഗത്തിൽ ശ്രദ്ധിച്ചാൽ ഇന്ത്യക്കാർക്ക് അമിതവണ്ണം ഇല്ലാതാക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.