നിപയ്ക്കും കോവിഡിനും പിന്നാലെ ആശങ്ക വര്‍ധിപ്പിച്ച് അമീബിക് മസ്തിഷ്‌ക ജ്വരം. കഴിഞ്ഞ എട്ട് ദിവസത്തിനിടെ രോഗം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന മൂന്നുപേര്‍ക്ക് ജീവന്‍ നഷ്ടമായതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ നില ഗുരതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 12 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. വിദേശത്ത് നിന്നടക്കം മരുന്ന് എത്തിച്ച് രോഗികള്‍ക്ക് മികച്ച ചികിത്സ ഒരുക്കാന്‍ ആരോഗ്യ വകുപ്പിന് സാധിക്കുന്നുണ്ട്. ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് മറ്റ് അസുഖങ്ങളും ഉള്ളതിനാല്‍ ചികിത്സ സങ്കീര്‍ണമാകുന്നുണ്ട്. രോഗം തിരിച്ചറിയുന്നതിലെ ബുദ്ധിമുട്ടും ചികിത്സയെ ബാധിക്കുന്നുണ്ട്. കെട്ടി കിടക്കുന്ന വെള്ളത്തില്‍ മുങ്ങി കുളിക്കുന്നതിലൂടെയാണ് രോഗം ബാധിക്കുന്നത്. കിണറുകളിലടക്കം രോഗകാരിയായ അമീബയുടെ സാന്നിദ്ധ്യം കണ്ടെത്തിയതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ക്ലോറിനേഷനിലൂടെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനുള്ള ശ്രമവും ആരോഗ്യ വകുപ്പ് നടത്തിവരുന്നുണ്ട്.



















