ശിശുമരണ നിരക്കില്‍ അമേരിക്കയെ പിന്തള്ളി കേരളം. കേരളത്തിലെ ശിശുമരണ നിരക്ക് അഞ്ചായി കുറഞ്ഞതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ദേശിയ ശരാശരി 25ഉം അമേരിക്കയുടെ ശിശുമരണ നിരക്ക് 5.6ഉം ആണ്. സാമ്പിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം ആണ് കണക്കുകള്‍ പുറത്തുവിട്ടത്. രാജ്യത്ത് ഗ്രാമീണ, നഗര മേഖലകളില്‍ ശിശുമരണ നിരക്കില്‍ വലിയ അന്തരമുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. എന്നാല്‍ കേരളത്തിന്റെ നിരക്കില്‍ ഗ്രാമ, നഗര വ്യത്യാസമില്ല. ഗ്രാമ നഗര വ്യത്യാസമില്ലാതെ ഒരേപോലെ ആരോഗ്യ സേവനങ്ങള്‍ ജനങ്ങള്‍ക്ക് പ്രാപ്തമാക്കുന്നതിന്റെ തെളിവാണ് ഇതെന്നും മന്ത്രി വ്യക്തമാക്കി. പൊതുജനാരോഗ്യം ഉറപ്പുവരുത്താന്‍ പ്രയത്‌നിക്കുന്ന ഏവര്‍ക്കും മന്ത്രി നന്ദി അറിയിച്ചു.



















