ഓഫീസ് ഒഴിയുന്നതായി വി.കെ പ്രശാന്ത് എംഎല്‍എ

ഓഫീസ് വിവാദം രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിമാറിയതിന് പിന്നാലെ ശാസ്തമംഗലത്തെ കോര്‍പറേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസ് ഒഴിയുന്നതായി വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ. പ്രശാന്ത്. ബി.ജെ.പി നേതാവും വാര്‍ഡ് കൗണ്‍സിലര്‍ ആര്‍. ശ്രീലേഖയുമായി അടുത്തിടെ ഓഫിസിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് മാറ്റം. മണ്ഡലത്തിലെ മരുതംകുഴിയിലേക്ക് ഓഫിസ് മാറാനാണ് തീരുമാനം. കോര്‍പറേഷന്‍ കെട്ടിടത്തില്‍ വാടകയ്ക്കു പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ് ഒഴിയണമെന്ന് ആര്‍.ശ്രീലേഖ ആവശ്യപ്പെട്ടെങ്കിലും പ്രശാന്ത് ഈ ആവശ്യം നിരസിച്ചിരുന്നു.

 

ഇനി തര്‍ക്കത്തിനും ചര്‍ച്ചയ്ക്കും ഇല്ലെന്നും ഓഫിസ് മാറാന്‍ തീരുമാനിച്ചെന്നും എം.എല്‍.എ പ്രശാന്ത് മാധ്യമങ്ങളോടു പ്രതികരിച്ചു. ദിനംപ്രതി നൂറുകണക്കിനു ആളുകള്‍ വരുന്ന ഇടമാണ് എംഎല്‍എ ഓഫിസെന്നും അതിനുപറ്റിയ സ്ഥലത്തേക്ക് മാറുകയാണെന്നും വിവാദങ്ങള്‍ക്ക് ഇനി സ്ഥാനമില്ലെന്നും പുതിയ ഓഫിസിലേക്ക് മാറുന്ന തീയതി തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.