കാപ്പി കുടിച്ചാൽ അപ്പോൾ തന്നെ ഉറക്കം വരുന്നവരുമുണ്ട്

പൊതുവെ ഉറക്കം വിടാൻ ഒരു കാപ്പി അല്ലെങ്കിൽ ചായ കുടിക്കുന്നതാണ് പതിവ്. എന്നാൽ ചിലർക്ക് ഇത് നേരേ തിരിച്ചാണെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. അതായത്, കാപ്പി കുടിച്ചാൽ അപ്പോൾ തന്നെ ഉറക്കം വരും. കാപ്പിയിൽ അടങ്ങിയ കഫീൻ തലച്ചോറിലെ ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന അഡിനോസിൻ എന്ന രാസവസ്തുവിന്റെ പ്രവർത്തനം തടസപ്പെടുത്തുബോഴാണ് നാം ഉണർന്നിരിക്കുന്നത്. എന്നാൽ എല്ലാ ശരീരത്തിലും ഇതേ ഇഫക്ട് ഉണ്ടാകില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. കഫീൻ ശരീരത്തിൽ വ്യത്യസ്ത പ്രതികരണങ്ങൾ ഉണ്ടാക്കാം. നിങ്ങളുടെ ശരീരം കഫീനെ എങ്ങനെ ഉപാപചയമാക്കുന്നു എന്നതി െആശ്രയിച്ചിരിക്കും കാര്യങ്ങൾ. പല ഘടകങ്ങൾ ഇതിനെ സ്വാധീനിക്കുന്നുണ്ട്. ജനിതകം അതിലൊരു കാരണമായി ഗവേഷകർ വ്യക്തമാക്കുന്നു. കൂടാതെ മരുന്നുകൾക്ക് ശരീരത്തിന്റെ സാധാരണ പ്രവർത്തന രീതിയെ സൂക്ഷ്മമായി മാറ്റാൻ കഴിയും. ഉത്കണ്ഠ വൈകല്യങ്ങൾ, ഹൃദ്രോഗങ്ങൾ എന്നിവയ്ക്ക് മരുന്നു കഴിക്കുന്നവരിൽ കഫീൻ വ്യത്യസ്ത പ്രതികരണം ഉണ്ടാക്കാം. അതുപോലെ ചില ആന്റിബയോട്ടിക്കുകൾ അല്ലെങ്കിൽ ആന്റീഡിപ്രസന്റുകൾ പോലുള്ള മരുന്നുകളും കഫീന്റെ പ്രവർത്തനം വിപരീതഫലം ഉണ്ടാക്കും. പോഷകാഹാരക്കുറവ്, നിർജ്ജലീകരണം, ക്രമരഹിതമായ ഭക്ഷണശീലങ്ങൾ എന്നിവയും കഫീന്റെ ഉത്തേജക ഫലത്തെ കുറയ്ക്കും. മാത്രമല്ല, വർധിച്ച മാനസിക സമ്മർദം കോർട്ടിസോളിന്റെ ഉൽപാദനം വർധിപ്പിക്കുന്നു. ഇത് കഫീന്റെ ഫലപ്രാപ്തി കുറയ്ക്കാം. കാപ്പി കുടിക്കുത്തിൽ മിതത്വവും സമയനിഷ്ഠയും പാലിക്കേണ്ടത് ഈ ഫലങ്ങൾ ഒഴിവാക്കുന്നതിന് പ്രധാനമാണ്.