സൗജന്യമായി വായിലെ ക്യാൻസർ കണ്ടെത്താം ആർദ്രം ആരോഗ്യം പദ്ധതിയിലൂടെ

സൗജന്യമായി വായിലെ ക്യാൻസർ കണ്ടെത്താം ആർദ്രം ആരോഗ്യം പദ്ധതിയിലൂടെ. മറ്റ് ക്യാൻസറുകളെ പോലെ വായിലെ കാൻസറുംനേരത്തെ കണ്ടെത്തി ചികിത്സിക്കണമെന്ന് ആരോഗ്യ വകുപ്പ്. എല്ലാവരും തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലെത്തി ക്യാൻസർ സ്‌ക്രീനിംഗ് നടത്തണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. മേയ് 31 ലോക പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് വദനാർബുദം പ്രതിരോധിക്കാൻ ശക്തമായ നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. ആർദ്രം ആരോഗ്യം ജീവിതശൈലീ രോഗനിർണയ ക്യാമ്പയിനിൽ രോഗ സാധ്യത കണ്ടെത്തിയവരുടെ വീടുകൾ ആരോഗ്യ പ്രവർത്തകർ സന്ദർശിച്ച് വദനാർബുദ സ്‌ക്രീനിഗ് നടത്താൻ വാർഡ് തലത്തിൽ നടപടികൾ സ്വീകരിക്കും. ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, പ്രധാന ആശുപത്രികൾ എന്നിവിടങ്ങളിൽ വദനാർബുദ സ്‌ക്രീനിംഗ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. കാൻസർ ലക്ഷണങ്ങൾ, കാൻസർ മുന്നോടിയായുള്ള ലക്ഷണങ്ങൾ എന്നിവ കണ്ടെത്തുന്നവരെ വിദഗ്ധ പരിശോധനകൾക്ക് വിധേയരാക്കി ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.