ലൈഫ്, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെ ജി.എസ്.ടി ഒഴിവാക്കിയേക്കും

ലൈഫ്, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയങ്ങളെ ചരക്ക് സേവന നികുതിയില്‍ നിന്ന് ഒഴിവാക്കുമെന്ന് സൂചന. നിലവില്‍ ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് 18 ശതമാനം ജി.എസ്.ടി ഈടാക്കുന്നുണ്ട്. ഇന്‍ഷുറന്‍സ് മേഖലയിലെ ജി.എസ്.ടി നിരക്കുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ പഠിക്കുന്നതിന് രൂപീകരിച്ച മന്ത്രിതല സമിതി കണ്‍വീനര്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജി.എസ്.ടി ഇളവ് നല്‍കുന്നതിനുള്ള കേന്ദ്ര നിര്‍ദ്ദേശത്തിന് സമീതി അംഗീകാരം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അനുകൂല നിലപാടാണ് അംഗങ്ങള്‍ സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുക ജി.എസ്.ടി കൗണ്‍സിലായിരിക്കും. ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് വിഷയങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് 13 അംഗ കമ്മിറ്റിയെ നിയമിച്ചത്. 2023-24 സാമ്പത്തികവര്‍ഷത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയങ്ങളില്‍ നിന്ന് 8262.94 കോടി രൂപയും ആരോഗ്യ റീ-ഇന്‍ഷുറന്‍സ് പ്രീമിയങ്ങളില്‍നിന്ന് 1484.36 കോടി രൂപയുമാണ് ജി.എസ്.ടി ഇനത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വരുമാനമായി ലഭിച്ചത്. നിലവില്‍ 2488 രൂപ പ്രതിമാസം പ്രീമിയംവരുന്ന ഒരു ടേം ഇന്‍ഷുറന്‍സ് പോളിസിയില്‍ 379.58 രൂപ ചരക്ക്, സേവന നികുതിയിലേക്കാണ് പോകുന്നത്.