ഡോ. വന്ദന ദാസ് ഹോസ്പിറ്റല്‍ ഉത്ഘാടനം 17ന്

ഡോ. വന്ദന ദാസിന്റെ സ്മരണയ്ക്കായി മാതാപിതാക്കള്‍ ഒരുക്കുന്ന ആശുപത്രിയുടെ ഉദ്ഘാടനം ഓഗസ്റ്റ് 17ന് നടക്കും. കോട്ടയം കടുത്തുരുത്തി മധുരവേലിയിലാണ് ആശുപത്രി സജ്ജമാകുന്നത്. ആശുപത്രിയുടെ ഉദ്ഘാടനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിക്കും. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മധുരവേലി പ്ലാമൂട് ജങ്ഷന് സമീപം ലക്ഷ്മി കോംപ്ലക്‌സിലാണ് ആശുപത്രി. ദിവസവും രാവിലെ ഒന്‍പതു മുതല്‍ വൈകിട്ടുവരെ ക്ലിനിക്കിന്റെ സേവനം ലഭ്യമായിരിക്കും. ഡോ. വന്ദനയുടെ സ്മരണയ്ക്കായി തുടങ്ങുന്ന രണ്ടാമത്തെ ആശുപത്രിയാണിത്. ആദ്യ ആശുപത്രി കഴിഞ്ഞ ഒക്‌ടോബറില്‍ ആലപ്പുഴ തൃക്കുന്നപ്പുഴ വലിയപറമ്പില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്യവേ 2023 മെയ് 10നാണ് ഡോ. വന്ദന ദാസ് കൊല്ലപ്പെടുന്നത്.