സര്‍ജിക്കല്‍ ട്യൂബ് ശരീരത്തില്‍ മറന്നുവെച്ചു, ആരോപണവുമായി യുവതി

ശസ്ത്രക്രീയയ്ക്ക് ഇടയില്‍ യുവതിയുടെ ശരീരത്തിനുള്ളില്‍ സര്‍ജിക്കല്‍ ട്യൂബ് കുടുങ്ങിയതായി പരാതി. തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് എതിരെ കാട്ടക്കട സ്വദേശിനിയാണ് പരാതി ഉന്നയിച്ചത്. 50 സെന്റീമീറ്റര്‍ നീളമുള്ള സര്‍ജിക്കല്‍ ട്യൂബ് ശരീരത്തില്‍ കുടുങ്ങിയതായി ആരോഗ്യവകുപ്പിന് നല്‍കിയ പരാതിയില്‍ യുവതി ആരോപിക്കുന്നു. രണ്ട് വര്‍ഷം മുമ്പ് യുവതിക്ക് തൈറോയ്ഡ് ശസ്ത്രക്രീയ നടത്തിയിരുന്നു. സ്ഥിരമായി കഫക്കെട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സമീപകാലത്ത് എക്‌സ്‌റേ എടുത്തപ്പോളാണ് നെഞ്ചില്‍ ട്യൂബ് കുടുങ്ങിയതായി തിരിച്ചറിഞ്ഞത്. ഇക്കാര്യം അറിയിക്കാന്‍ ശ്രമിച്ചെങ്കിലും ശസ്ത്രക്രീയ നടത്തിയ ഡോക്ടര്‍ ഒഴിഞ്ഞുമാറിയതായും. ട്യൂബ് നെഞ്ചില്‍ ഒട്ടിപ്പോയതിനാല്‍ എടുത്തു മാറ്റാന്‍ പ്രയാസമാണെന്നും ശ്രമിച്ചാല്‍ ജീവന് ഭീഷണിയാണെന്നും ഡോക്ടര്‍ പറഞ്ഞതായി യുവതി ആരോപിക്കുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി യുവതി ആരോഗ്യവകുപ്പിന് പരാതി നല്‍കി.