ഇന്ന് ലോക രക്തദാതാക്കളുടെ ദിനം

ഇന്ന് ലോക രക്തദാതാക്കളുടെ ദിനം. രക്തം നൽകൂ … പ്രതീക്ഷ നൽകൂ… ജീവൻ സംരക്ഷിക്കാം എന്നതാണ് ഈ വർഷത്തെ ലോക രക്തദാതൃ സന്ദേശമായി ലോകാരോഗ്യ സംഘടന മുന്നോട്ട് വയ്ക്കുന്ന ആശയം. ആരോഗ്യമുള്ള ശരീരവും നന്മയുള്ള മനസ്സുമുള്ള ഏതൊരാൾക്കും രക്തദാതാവാകാം. രക്തം ദാനം ചെയ്യുന്നത് വഴി രക്ത ദാതാവിന് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്. രക്തദാനം വഴി ഇരുമ്പിന്റെ അളവ് ക്രമീകരിക്കാനും അതിലൂടെ ഹൃദ്രോഗം, അർബുദം, എന്നിവയുടെ സാധ്യതയും അധിക കലോറിയും കൊളസ്ട്രോളും കുറയുമെന്ന് വിധക്തർ പറയുന്നു, സ്ത്രീകൾക്ക് നാല് മാസം കൂടുമ്പോഴും പുരുഷന്മാർക്ക് മൂന്ന് മാസം കൂടുമ്പോഴും രക്തം ദാനം ചെയ്യാം. സ്ത്രീകൾ ഗർഭിണിയായിരിക്കുമ്പോഴും മുലയൂട്ടുന്ന സമയത്തും രക്തദാനം ചെയ്യാനാകില്ല. കാൻസർ, എയ്ഡ്സ്, പ്രമേഹം, അപസ്മാരം തുടങ്ങിയ അസുഖങ്ങളുള്ളവർക്ക് രക്തദാനം ചെയ്യാൻ കഴിയില്ല. നിങ്ങളുടെ രക്തദാനം പല മുഖങ്ങളിലും പുഞ്ചിരിക്ക് കാരണമാകും. ഓർക്കുക രക്തദാനം അമൂല്യമായ ഒന്നാണ്. നിങ്ങളുടെ ഓരോ തുള്ളി രക്തത്തിനും ജീവന്റെ വിലയുണ്ട്.