സംസ്ഥാനത്ത് അതിതീവ്ര മഴ പെയ്തിട്ടും 14 സ്ഥലങ്ങളില്‍ അള്‍ട്രാവയലറ്റ് സൂചിക ഉയര്‍ന്നുതന്നെ നില്കുന്നതായി റിപ്പോര്‍ട്ട്. വിളപ്പില്‍ശാല, കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി, മൂന്നാര്‍, കളമശ്ശേരി, ഒല്ലൂര്‍, തൃത്താല, പൊന്നാനി, ബേപ്പൂര്‍, മാനന്തവാടി, ധര്‍മ്മടം, ഉദുമ എന്നിവിടങ്ങളിലാണ് യു.വി ഇന്‍ഡക്സ് ഉയര്‍ന്ന് നില്‍ക്കുന്നത്. ആയതിനാല്‍ ഈ പ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. പകല്‍ 10 മണി മുതല്‍ മൂന്നു മണിവരെയാണ് ഉയര്‍ന്ന യു.വി ഇന്‍ഡക്സ് രേഖപ്പെടുത്തുന്നത്. ആയതിനാല്‍ ഈ സമയങ്ങളില്‍ ശരീരത്ത് നേരിട്ട് സൂര്യപ്രകാശം ഏല്ക്കുന്ന സാഹചര്യം ഒഴിവാക്കണം. ഇത്തരത്തില്‍ സൂര്യതാപം ഏല്‍ക്കുന്നത് ത്വക്ക് രോഗം, നേത്ര രോഗങ്ങള്‍, മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങിയവയ്ക്ക് കാരണമായേക്കാം. പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മത്സ്യബന്ധനത്തിലും ഏര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രികര്‍, വിനോദ സഞ്ചാരികള്‍, ചര്‍മരോഗങ്ങളുള്ളവര്‍, നേത്ര രോഗമുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍ തുടങ്ങിയവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് ഓര്‍മിപ്പിക്കുന്നു.






















