ലോക ഒബ്‌സിറ്റി ഡേറ്റ പ്രകാരം അമേരിക്കൻ സമോവയാണ് ഏറ്റവും കൂടുതൽ പൊണ്ണത്തടിയുള്ളവർ ജീവിക്കുന്ന രാജ്യം. ബോഡി മാസ് ഇൻഡെക്‌സ് 30ന് മുകളിലുള്ളവരെ ഇവിടെ പൊണ്ണത്തടിയുള്ളവരായി കണക്കാക്കുന്നു. ഹൃദ്രോഗം, പക്ഷാഘാതം, ടൈപ്പ് 2 പ്രമേഹം, ചിലതരം അർബുദങ്ങൾ എന്നിവ പൊണ്ണത്തടിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ജീവിതശൈലിയിൽ ഉണ്ടായ മാറ്റം മൂലം ഇന്ത്യയിലടക്കം പൊണ്ണത്തടിയുള്ളവരുടെ എണ്ണം വർധിച്ചു വരുന്നതായാണ് കണക്ക്. അമേരിക്കൻ ഗവൺമെന്റിന്റെ അധികാരത്തിന് കീഴിൽ വരുന്നതും അതേ സമയം അമേരിക്കൻ രാജ്യത്തിന്റെ ഭാഗമല്ലാത്തതുമായ ദക്ഷിണ പസഫിക് ഓഷ്യനിലുള്ള ഭൂവിഭാഗമാണ് അമേരിക്കൻ സമോവ. ഇവിടുത്തെ ജനങ്ങളിൽ 70 ശതമാനത്തിനും അമിതവണ്ണമുള്ളതായി കണക്കാക്കുന്നു. ദക്ഷിണ പസഫിക് സമുദ്രത്തിലെ തന്നെ ദ്വീപ് രാഷ്ട്രമായ നൗരുവാണ് പൊണ്ണത്തടിയുടെ കാര്യത്തിൽ രണ്ടാമതുള്ളത്. ഇവിടെ 69 ശതമാനം പേർക്കാണ് അമിത വണ്ണമുള്ളത്. 200 രാജ്യങ്ങളുടെ പട്ടികയിൽ 180-ാം സ്ഥാനത്താണ് ഇന്ത്യയെന്നും ലോക ഒബ്‌സിറ്റി ഡേറ്റ പറയുന്നു. ഇന്ത്യയിലെ ജനസംഖ്യയിൽ 5.38 ശതമാനത്തിനാണ് പൊണ്ണത്തടിയുള്ളതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.