പ്രസവശേഷം സ്വകാര്യ ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ കുഞ്ഞിനെ ഏറ്റെടുക്കാൻ ജാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾ എത്തുമെന്ന് റിപ്പോർട്ട്. സിഡബ്ല്യുസിയുടെ സംരക്ഷണത്തിൽ കഴിയുന്ന കുഞ്ഞിനെ, പൊലീസിന്റെ നേതൃത്വത്തിൽ വീഡിയോ കോളിലൂടെ മാതാപിതാക്കൾ കണ്ടു. കുഞ്ഞിനെ ഏറ്റെടുക്കാൻ താല്പര്യമുണ്ടെന്ന് മാതാപതാക്കൾ പോലീസിനെ അറിയിച്ചതായാണ് വിവരം. ഇതിനായി ഉടനെ കേരളത്തിൽ എത്തുമെന്നും പിതാവ് ഉറപ്പു നൽകി. ഒരാഴ്ചയ്ക്കുള്ളിൽ മാതാപിതാക്കൾ തിരിച്ചു വന്നില്ലെങ്കിൽ, ജാർഖണ്ഡിലേക്ക് പോകാനാണ് പൊലീസ് തീരുമാനം. കുട്ടിയെ ഉപേക്ഷിച്ച് കടന്നു കളഞ്ഞ കുറ്റത്തിന് ഇവർക്കെതിരെ കേസ് എടുത്തിട്ടുള്ള കാര്യം പോലീസ് അറിയിച്ചിട്ടില്ല. സ്വകാര്യ ആശുപത്രിയിലെ എൻഐസിയുവിൽ കുഞ്ഞ് കഴിഞ്ഞതിന്റെ ചികിത്സ ചെലവ് വഹിക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതുകൊണ്ടാണ് ഉപേക്ഷിക്കേണ്ടി വന്നതെന്ന് മാതാപിതാക്കൾ വ്യക്തമാക്കി. കുഞ്ഞ് രക്ഷപ്പെടുമോ എന്ന ഉറപ്പും ഇവർക്കുണ്ടായിരുന്നില്ല. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നു മാതാപിതാക്കളെ ബോധ്യപ്പെടുത്താൻ ആണ് കഴിഞ്ഞ ദിവസം വീഡിയോ കോൾ ചെയ്തത്. ജനുവരി 29ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞിനെ ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജനന സമയത്ത് ഒരു കിലോയിൽ താഴെ മാത്രം തൂക്കം ഉണ്ടായിരുന്ന കുഞ്ഞിന് ഇപ്പോൾ മൂന്നു കിലോ ഭാരം ഉണ്ട്. നിധിയെന്നാണ് കുഞ്ഞിന് ആരോഗ്യമന്ത്രി പേര് ഇട്ടത്.






















