ആർത്തവകാലത്തെ അമിത രക്തസ്രാവം അവഗണിക്കരുത്. അമിത രക്തസ്രാവം പലതും രക്തസ്രാവവൈകല്യമെന്നു തിരിച്ചറിയാതെ തള്ളിക്കളയുന്നവരാണ് നമ്മളിൽ പലരും. ഈ വൈകല്യങ്ങൾക്കു കാരണമായ പാരമ്പര്യരോഗമാണ് വോൺ വില്ലി ബ്രാൻഡ്. പ്ലേറ്റ്‌ലെറ്റുകളുടെ പ്രവർത്തനത്തിലുണ്ടാകുന്ന വൈകല്യങ്ങൾമൂലമുള്ള രോഗങ്ങൾ, ഹീമോഫീലിയ, രക്തം കട്ടപിടിക്കാനുതകുന്ന പ്രോട്ടീനുകളുടെ അഭാവംമൂലമുണ്ടാകുന്ന രക്തസ്രാവം എന്നിവയും സ്ത്രീകളിൽ അമിത രക്തസ്രാവമുണ്ടാക്കും. അമിത രക്തസ്രാവം തിരിച്ചറിയാതെ പോകുക, തിരിച്ചറിഞ്ഞാലും തുറന്നുപറയാതിരിക്കുക എന്നിവയെല്ലാം അപകടമാണ്. ഈ രോഗാവസ്ഥയെ പാരമ്പര്യം മാത്രമായി കണ്ട് നിസ്സാരവത്കരിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തും. ആർത്തവകാലത്തെ അമിത രക്തസ്രാവം വിളർച്ചയ്ക്കുപുറമേ മറ്റു പല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കും. രക്തം കട്ടപിടിക്കാൻ വേണ്ട പ്രോട്ടീനുകളിൽ പ്രധാനമാണ് വോൺ വില്ലിബ്രാൻഡ് ഫാക്ടർ. ഈ രക്തഘടകത്തിന്റെ അഭാവംമൂലം സ്ത്രീകളിലും പുരുഷൻമാരിലും രക്തസ്രാവമുണ്ടാകുന്നു. രക്തത്തിലെ അഭാവമുള്ള ഘടകത്തിന്റെ തോതനുസരിച്ചാണ് ഓരോരുത്തരിലും രോഗലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ തള്ളിക്കളയാതെ ഉടൻതന്നെ ഒരു ആരോഗ്യ വിദഗ്ധന്റെ സഹായം തേടുക.


















