പച്ച മുട്ട ചേർത്ത മയോണൈസ് നിരോധിച്ചു

പച്ച മുട്ട ചേർത്ത മയോണൈസ് നിരോധിച്ച് തമിഴ്നാട് സർക്കാർ. ഒരു വർഷത്തേക്കാണ് നിരോധനം. മയോണൈസ് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. മയോണൈസിന്റെ ഉത്പാദനം, സംഭരണം, വിതരണം, വിൽപ്പന എന്നിവ നിരോധിച്ചാണ് സർക്കാർ വിജ്ഞാപനമിറക്കിയത്. സാൽമൊണെല്ല ടൈഫിമുറിയം, സാൽമൊണെല്ല എന്ററിറ്റിഡിസ്, എസ്ഷെറിച്ചിയ കോളി, ലിസ്റ്റീരിയ മോണോസൈറ്റോജെൻസ് തുടങ്ങിയ ദോഷകരമായ ബാക്ടീരിയകൾ ഭക്ഷ്യവിഷബാധയുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് ഭക്ഷ്യസുരക്ഷാ അഡ്മിനിസ്ട്രേഷൻ കമ്മീഷണർ ആർ ലാൽവേന പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. കൃത്യമായ ശീതീകരിച്ച സംഭരണ ​​സൗകര്യങ്ങളുടെ അഭാവം പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുന്നുവെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കി. നിയമലംഘകർക്ക് പിഴ, ലൈസൻസ് റദ്ദാക്കൽ അല്ലെങ്കിൽ നിയമപ്രകാരമുള്ള നിയമനടപടി എന്നിവ ഉൾപ്പെടെയുള്ള കർശനമായ ശിക്ഷകൾ നേരിടേണ്ടിവരും. വരും ദിവസങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനവ്യാപകമായി പരിശോധനകൾ നടത്തും എന്നും അധികൃതർ പറഞ്ഞു.