ടൂത്ത്‌പേസ്റ്റ് കുട്ടികള്‍ക്ക് സുരക്ഷിതമോ? ടൂത്ത്‌പേസ്റ്റിൽ എന്തെലാം അടങ്ങിയിട്ടുണ്ടെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? കുട്ടികളെ നിർബന്ധിച്ച് രാവിലെ തന്നെ ടൂത്ത്‌പേസ്റ്റ് ഉപയോഗിച്ച് പല്ല് തേക്കാൻ നിർബന്ധിക്കാറുണ്ട്. കുട്ടികളുടെ ദന്താരോഗ്യത്തിന്റെ കാര്യത്തിൽ മാതാപിതാക്കളെ ഞെട്ടിക്കുന്ന റിപ്പോർട്ടാണ് ദ ഗാർഡിയൻ പുറത്തുവിട്ടിരിക്കുന്നത്. കുട്ടികൾക്കായുള്ള ചില പ്രമുഖ ബ്രാൻഡുകളുടെ ടൂത്ത് പേസ്റ്റുകളിൽ ലെഡ്, കാഡ്മിയം, ആർസെനിക്, മെർക്കുറി എന്നീ വിഷാംശമുള്ള ലോഹങ്ങൾ അടങ്ങിയിട്ടുണ്ടെന്ന ‘ലെഡ് സേഫ് മാമ’യുടെ കണ്ടെത്തലാണ് പുറത്തുവിട്ടിരിക്കുന്നത്. അമേരിക്കയിൽ 51 ബ്രാൻഡുകളിലായി നടത്തിയ പഠനത്തിൽ 90 ശതമാനം ടൂത്ത് പേസ്റ്റുകളിലും ലെഡിന്റെ അംശം കണ്ടെത്തി. പഴയ പെയിന്റ്, മലിനമായ മണ്ണ്, ചില കളിപ്പാട്ടങ്ങൾ തുടങ്ങിയവയിൽ കാണപ്പെടുന്ന വിഷാംശമുള്ള ഒരു ലോഹമാണ് ലെഡ്. കൂടാതെ, കാഡ്മിയം, ആർസെനിക്, മെർക്കുറി തുടങ്ങിയ ലോഹങ്ങൾ കാൻസറിന് കാരണമായേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. കാലക്രമേണ ശരീരത്തിൽ അടിഞ്ഞുകൂടാന്‍ സാധ്യതയുള്ള ലെഡ് എല്ലുകളേയും പല്ലിനേയും ബാധിക്കുന്നു. കൂടാതെ, തലച്ചോർ, വൃക്കകൾ, കരൾ എന്നിവയേയും ഇത് ബാധിക്കാൻ സാധ്യതയുണ്ട് എന്നും പഠനം പറയുന്നു. ലാബ് റിപോർട്ടുകൾ പഠനത്തിൽ ഉൾപ്പെടിത്തിയിട്ടുണ്ട്, എന്നാൽ ഈ 51 ബ്രാൻഡുകൾ ഏതെന്നു വ്യക്തമാക്കിയിട്ടില്ല.






















