77 പേരെയോളം കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്

ആലപ്പുഴയിലെ മാവേലിക്കരയിലും പരിസര പ്രദേശങ്ങളിലുമായി 77 പേരെയോളം കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. തിരുവല്ലയിലെ മഞ്ഞാടിയിലെ എഡിഡിഎല്‍ ലാബിലെ പരിശോധനയിലാണ് നായയ്ക്ക് വിഷബാധ സ്ഥിരീകരിച്ചത്. കണ്ണമംഗലത്തെ പറമ്പില്‍ ചത്തുകിടന്ന നിലയില്‍ കണ്ടെത്തിയ നായയെ നാട്ടുകാര്‍ ചിലര്‍ ചേര്‍ന്ന് കുഴിച്ചിട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് നഗരസഭ, മൃഗസംരക്ഷണ വകുപ്പ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നായയെ പുറത്തെടുത്ത് പരിശോധനയ്ക്കായി കൊണ്ടുപോകുകയായിരുന്നു. നൂറ് കണക്കിന് നായകള്‍ ഉള്‍പ്പടെയുള്ള ജീവികള്‍ക്ക് കടിയേറ്റിട്ടുണ്ടെന്നാണ് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നത്. നൂറ് കണക്കിന് തെരുവ് നായകളുള്ള മാവേലിക്കരയില്‍ ഇവയില്‍ പൂര്‍ണ്ണമായും വാക്സിനേഷന്‍ നല്‍കുക എന്നത് വലിയ പ്രശ്നമായി ഉയരുകയാണ്. പേ ബാധിച്ച തെരുവു നായ സഞ്ചരിച്ച റൂട്ടില്‍ കൂടുതല്‍ തെരുവുനായ്ക്കളെ പിടികൂടി പേവിഷബാധ പ്രതിരോധ വാക്‌സിന്‍ നല്‍കുന്ന പ്രവര്‍ത്തനം ഇന്നു മുതല്‍ വ്യാപിപ്പിക്കുമെന്നും ഇതിനായി ഡോഗ് ക്യാച്ചറെ നിയോഗിച്ചിട്ടുണ്ടെന്നു ആക്ടിങ് ചെയര്‍പഴ്‌സന്‍, ടി.കൃഷ്ണകുമാരി വ്യക്തമാക്കി.