ചിക്കന്‍ പതിവായി കഴിക്കുന്നവരാണോ നിങ്ങൾ? ചിക്കന്‍ അമിതമായി കഴിക്കുന്നത് ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ അര്‍ബുദത്തിന്റെയും അത് മൂലമുള്ള അകാല മരണത്തിന്റെയും കാരണങ്ങളിലൊന്നായി മാറാമെന്ന് അടുത്തിടെ നടന്ന ഒരു പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. നാലായിരം പേരില്‍ 19 വര്‍ഷത്തെ നീണ്ട പഠനമാണ് നടത്തിയത്. ഇതില്‍ നിന്ന് ചിക്കന്‍ ഉള്‍പ്പെടെയുള്ള പക്ഷിമാംസം ആഴ്‌ചയില്‍ 300 ഗ്രാമില്‍ അധികം കഴിക്കുന്നവരില്‍ 100 ഗ്രാമില്‍ താഴെ പക്ഷിമാംസം കഴിക്കുന്നവരെ അപേക്ഷിച്ച് അകാല മരണ സാധ്യത 27 ശതമാനം അധികമാണെന്ന് പഠനം പറയുന്നു. ഓരോ ആഴ്‌ചയും 300 ഗ്രാമിലധികം ചിക്കനും താറാവുമൊക്കെ കഴിക്കുന്ന പുരുഷന്മാര്‍ക്ക് കുറഞ്ഞ തോതില്‍ കഴിക്കുന്നവരെ അപേക്ഷിച്ച് ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ അര്‍ബുദം മൂലമുള്ള മരണസാധ്യത ഇരട്ടിയാണെന്നും പഠനറിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടുന്നു. ന്യൂട്രിയന്റ്‌സിലാണ് ഈ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്. ചിക്കന്റെ അളവ് അല്ലാതെ അവ തയ്യാറാക്കിയ വിധമൊന്നും പഠനത്തിൽ പരിഗണിച്ചിട്ടില്ല. പഠനത്തില്‍ പങ്കെടുത്തവരുടെ വ്യായാമം ഉള്‍പ്പെടെയുള്ള ശാരീരിക പ്രവര്‍ത്തനങ്ങളും ഗവേഷകർ കണക്കിലെടുത്തിട്ടില്ല. എന്നാല്‍ ചിക്കന്‍ പോലുള്ള വൈറ്റ് മീറ്റിന്റെ ഉപയോഗം ബീഫ് പോലുള്ള റെഡ് മീറ്റിനെ അപേക്ഷിച്ച് ശരീരത്തിന് നല്ലതാണെന്ന് മറ്റ് പല പഠനങ്ങളും പറയുന്നുണ്ട്. സ്ഥിരമായി ചിക്കന്‍ കഴിക്കുന്നവര്‍ അതിന്റെ അളവിൽ ശ്രദ്ധ പതിപ്പിക്കുന്നത് ആരോഗ്യത്തിന് നല്ലതായിരിക്കും.




















