ഡയാലിസിസ് യൂണിറ്റിന്റെ രണ്ടാം ഷിഫ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചു

അടിമാലി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റിന്റെ രണ്ടാം ഷിഫ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇവിടെ ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. 3.6 കോടി രൂപ ചെലവഴിച്ചാണ് ഡയാലിസിസ് യൂണിറ്റ് ആശുപത്രിയില്‍ സജ്ജമാക്കിയത്. സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് ആരംഭിക്കുകയെന്ന ദൗത്യത്തിന്റെ ഭാഗമായാണ് അടിമാലി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലും ഡയാലിസിസ് ആരംഭിച്ചത്. ആശുപത്രിയിൽ ഇതുവരെ 415 പേര്‍ക്ക് ഡയാലിസ് സേവനം നൽകാൻ സാധിച്ചു. മുമ്പ് ഒരു ഷിഫ്റ്റില്‍ 4 പേര്‍ക്ക് മാത്രമാണ് ഡയാലിസിസ് ചെയ്യാന്‍ സംവിധാനമുണ്ടായിരുന്നത്. എന്നാൽ രണ്ട് ഷിഫ്റ്റുകള്‍ ആകുന്നതോടെ ഒരു ദിവസം 8 പേര്‍ക്ക് ഡയാലിസിസ് ചെയ്യാൻ കഴിയും. സര്‍ക്കാര്‍ പദ്ധതികളിലൂടെ രോഗികൾക്ക് ഡയാലിസിസും മരുന്നുകളും സൗജന്യമായാണ് നല്‍കുന്നത്. മലയോര പ്രദേശത്തെ ജനങ്ങള്‍ക്ക് ഇത് വളരെ സഹായകരമാണ്.