കുട്ടികളുടെ മുൻപിൽ വഴക്ക് ഉണ്ടാക്കുന്ന മാതാപിതാക്കളാണോ നിങ്ങൾ?

കുട്ടികളുടെ മുൻപിൽ വഴക്ക് ഉണ്ടാക്കുന്ന മാതാപിതാക്കളാണോ നിങ്ങൾ…? എങ്കിൽ ഇനി എങ്കിലും അവരോട് ഈ ക്രൂരത ചെയ്യരുത്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്നാണ് ബാല്യം. കുട്ടികൾ അവർ പരിചയപ്പെടുന്നവരുടേയും ചുറ്റുമുള്ളവരുടേയും പെരുമാറ്റങ്ങളും വികാരങ്ങളും സ്വായത്തമാക്കുന്നതും ഇതേ കാലത്താണ്. കുട്ടിയുടെ സ്വഭാവവികാസത്തെ സ്വാധീനിക്കാൻ മാതാപിതാക്കൾക്ക് സാധിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. അച്ഛന്റെ മാനസികാവസ്ഥ ഏത് രീതിയിലാണ് കുട്ടിയെ ബാധിക്കുന്നതെന്ന പഠനം പ്രസിദ്ധീകരിച്ചിരിക്കുകയാണ് അമേരിക്കൻ ജേണൽ ഓഫ് പ്രിവൻ്റീവ് മെഡിസിൻ. അച്ഛന്മാർക്ക് വിഷാദമുണ്ടാകുന്നത് കുറച്ച് വർഷങ്ങൾക്ക് ശേഷം കുട്ടിയുടെ സ്വഭാവത്തെ ബാധിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. 1400 കുടുംബങ്ങളെയാണ് പഠനത്തിനായി ​ഗവേഷകർ പരിശോധിച്ചത്. കുട്ടിക്ക് ഏകദേശം അഞ്ച് വയസ്സ് പ്രായമുള്ളപ്പോൾ വിഷാദം അനുഭവിച്ച അച്ഛന്മാരെ കേന്ദ്രീകരിച്ചായിരുന്നു പഠനം. നമ്മൾ കരുതുന്നതിനേക്കാൾ നന്നായി സാഹചര്യങ്ങൾ മനസ്സിലാക്കാൻ കുട്ടികൾക്ക് കഴിവുണ്ട്. അവർക്ക് ഏറ്റവും പിന്തുണ ആവശ്യമുള്ള ഘട്ടത്തിൽ അച്ഛൻ അകന്ന് നിൽക്കുന്നത് അവരെ നന്നായി ബാധിക്കും. കുടുംബബന്ധത്തെ വിഷാദം ബാധിക്കുന്നതും കുട്ടികൾ തിരിച്ചറിയും. നമ്മുടെ കുട്ടികൾക്കു വേണ്ടി നല്ലൊരു കുടുബ പശ്ചാത്തലം ഉണ്ടാക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്.