രാജ്യത്ത് സമ്പൂർണ ക്ഷയരോഗ നിര്‍മാര്‍ജനം ഇനിയും വൈകുമെന്ന് കണക്കുകള്‍

രാജ്യത്ത് സമ്പൂർണ ക്ഷയരോഗ നിര്‍മാര്‍ജനം ഇനിയും വൈകുമെന്ന് കണക്കുകള്‍. 2025ഓടെ രാജ്യം ക്ഷയരോഗ മുക്തമാകുമെന്നായിരുന്നു 2018ല്‍ കേന്ദ്ര സര്‍ക്കാറിന്റെ പ്രഖ്യാപനം. ആഗോള തലത്തില്‍ ക്ഷയരോഗത്തെ ഇല്ലാതാക്കുന്നതിന്റെ 5 വര്‍ഷം മുമ്പ് ഇന്ത്യയില്‍നിന്ന് രോഗം തുടച്ചുനീക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ ഈ ലക്ഷ്യം ഇനിയുമൊരു സ്വപ്നമായി അവശേഷിക്കുമെന്ന് 2024ലെ ‘ഇന്ത്യ ടി.ബി റിപ്പോര്‍ട്ട്’ചൂണ്ടിക്കാട്ടുന്നു. 2016ല്‍ ലക്ഷം പേരില്‍ 211 പേര്‍ക്ക് ടി.ബി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുവെന്നായിരുന്നു കണക്ക്. 2022ല്‍ ഇത് 199ലേക്ക് കുറക്കാനേ സാധിച്ചുള്ളൂ; ക്ഷയരോഗ ബാധിതരുടെ നിരക്ക് 44ല്‍ എത്തുമ്പോഴേ ‘നിര്‍മാര്‍ജന’മായി കണക്കാക്കൂ. മരണനിരക്ക് ലക്ഷം പേരില്‍ മൂന്നായി കുറക്കണം ഇപ്പോള്‍ 22ലെത്തി നില്‍ക്കുകയാണ്. സര്‍ക്കാറിന്റെ നോട്ടക്കുറവാണ് ടി.ബി നിര്‍മാര്‍ജനം പരാജയപ്പെടാനുണ്ടായ കാരണമെന്നും വലിയ തുക ബജറ്റില്‍ നീക്കിവെക്കുമെങ്കിലൂം അതിന്റെ 60 ശതമാനമാണ് ഇതുവരെ ചെലവഴിച്ചിരിക്കുന്നതെന്നും ആക്ഷേപമുണ്ട്.