അപകടത്തിലുംമറ്റും പരിക്കേറ്റ് ത്വക്ക് നഷ്ടപ്പെട്ടവർക്കും പൊള്ളലേറ്റവർക്കും ആശ്വസമായി ചർമ്മ ബാങ്ക് വരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് സർക്കാർമേഖലയിലെ ആദ്യ ചർമബാങ്ക് സജ്ജമാകുന്നത്. രക്തബാങ്കുപോലെ പ്രവർത്തിക്കുന്ന ചർമബാങ്കിൽനിന്ന് മറ്റൊരാളുടെ ത്വക്ക് സ്വീകരിച്ച് അണുബാധയിൽനിന്ന് രക്ഷനേടാനാകും. ത്വക്ക് നഷ്ടപ്പെട്ട് ഗുരുതരാവസ്ഥയിലുള്ള രോഗിയുടെ ശരീരത്തിലെ മാംസ്യം, മൂലകങ്ങൾ ലവണങ്ങൾ എന്നിവ നഷ്ടപ്പെടുന്നത് തടയാൻ ചർമം വെച്ചുപിടിപ്പിക്കൽ ശസ്ത്രക്രിയ സഹായിക്കുമെന്ന് ബേൺസ് കേരള സംസ്ഥാന നോഡൽ ഓഫീസർ ഡോ. പ്രേംലാൽ വ്യക്തമാക്കി. കൂടാതെ മുറിവുകൾ പെട്ടെന്ന് ഭേദമാകുന്നതിനും വേദനകുറയ്ക്കുന്നതിനും ഇത് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവയവദാനമെന്ന നിലയിൽ മറ്റനുമതികൾകൂടി ലഭിച്ചാൽ ചർമബാങ്ക് പ്രവർത്തനംതുടങ്ങും.