വനിതാ ഡോക്ടർമാർ ചികിത്സിച്ചാൽ മരണനിരക്ക് കുറയുമെന്ന് പഠനം. അനൽസ് ഓഫ് ഇന്റേണൽ മെഡിസിൻ’ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുരുഷ ഡോക്ടർമാരെ അപേക്ഷിച്ച് വനിതാ ഡോക്ടർമാരുടെ പരിചരണം കിട്ടുന്ന രോഗികളിൽ മരണ നിരക്ക് കുറവാണെന്നും, രോഗികൾ അടിക്കടി ആശുപത്രിയിൽ ചികിത്സ തേടാനുള്ള സാധ്യത കുറവാണെന്നും പഠനത്തിൽ പറയുന്നു. 2016-19 കാലഘട്ടത്തിൽ അമേരിക്കയിലെ ആശുപത്രികളിൽ ചികിത്സ തേടിയ രോഗികളിലാണ് ഗവേഷകർ പഠനം നടത്തിയത്. വനിതാ ഡോക്ടർമാർ ചികിത്സിച്ച സ്ത്രീരോഗികളിലെ മരണനിരക്ക് 8.15 ശതമാനവും പുരുഷ രോഗികളിലേത് 10.15 ശതമാനവുമാണെന്ന് പഠനം പറയുന്നു. അതേസമയം, പുരുഷ ഡോക്ടർമാർ ചികിത്സിച്ച സ്ത്രീ രോഗികളിലെ മരണനിരക്ക് 8.38 ശതമാനവും പുരുഷന്മാരിലേത് 10.23 ശതമാനവുമാണ്. സാങ്കേതികമായ ചികിത്സക്കപ്പുറം വനിതാ ഡോക്ടർമാർ നൽകുന്ന പരിചരണവും പരിഗണനയുമാണ് ഇതിന് കാരണമെന്ന് പഠനം വ്യക്തമാക്കുന്നു.