മെഡിക്കൽ കോളേജ് നൽകാനുള്ളത് 49.18 കോടി; സർജിക്കൽ ഉപകരണവിതരണം നിർത്തിവെച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയയ്ക്കുള്ള ഉപകരണവിതരണം സർജിക്കൽ സ്ഥാപനങ്ങൾ നിർത്തിവെച്ചിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും ഇടപെടാതെ ആരോഗ്യവകുപ്പ്. 49.18 കോടി രൂപയാണ് മെഡിക്കൽ കോളേജ് ആശുപത്രി വിവിധ സർജിക്കൽ സ്ഥാപനങ്ങൾക്കു നൽകാനുള്ളത്. ഡിസംബർവരെയുള്ള കുടിശ്ശിക മുഴുവൻ തരാതെ ഉപകരണങ്ങൾ നൽകില്ലെന്ന നിലപാടിലാണ് വിതരണക്കാരുടെ സംഘടന. പ്രതിസന്ധിയുണ്ടെന്നും ശസ്ത്രക്രിയകളുടെ തോതനുസരിച്ച് ഉപകരണങ്ങൾ കുറയുകയാണെന്നും ഡോക്ടർമാർ വ്യക്തമാക്കി. ചില ഉപകരണങ്ങൾക്ക് പ്രതിസന്ധിയുണ്ടെന്ന് ഡോക്ടർമാർ ആശുപത്രി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഉപകരണങ്ങളെല്ലാം ഉണ്ടെങ്കിൽ മാത്രമേ ആൻജിയോപ്ലാസ്റ്റി നടത്താനാകൂ. ഒരെണ്ണത്തിന് ക്ഷാമമുണ്ടെങ്കിൽ ശസ്ത്രക്രിയകൾ മാറ്റിവെക്കേണ്ടിവരുമെന്ന് ഡോക്ടർമാർ പറയുന്നു. അതേസമയം നിലവിൽ ശസ്ത്രക്രിയ ഉപകരണങ്ങൾക്ക് പ്രതിസന്ധിയില്ലെന്നും വിതരണക്കാർക്ക് 2.5 കോടിയുടെ ചെക്ക് നൽകിയിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ബി.എസ്.സുനിൽകുമാർ ചൂണ്ടിക്കാട്ടി.

LEAVE A REPLY