പാരാസെറ്റമോൾ കഴിക്കുന്നത് കരളിനെ ബാധിക്കുമെന്ന് പഠന റിപ്പോർട്ട്

പാരാസെറ്റമോൾ കഴിക്കുന്നത് കരളിനെ ബാധിക്കുമെന്ന് പഠന റിപ്പോർട്ട്. സ്കോട്ട്ലൻഡിലെ എഡിൻബർഗ് സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ഗവേഷകർ എലികളെ ഉപയോഗിച്ചാണ് പഠനം നടത്തിയത്. എലികളിൽ എന്ന പോലെ മനുഷ്യരിലും പാരാസെറ്റമോളിന്റെ അമിത ഉപയോഗം കരളിനെ നശിപ്പിക്കുമെന്ന് പഠനത്തിൽ പറയുന്നു. പാരാസെറ്റമോൾ കരളിൻറെ പ്രവർത്തനത്തിന് അത്യാവശ്യമായ സെല്ലുലാർ സ്ട്രക്ചറൽ ജങ്ഷനുകളെ ബാധിക്കും. സെൽ ജങ്ഷനുകൾ നശിക്കുന്നത് കരൾ ടിഷ്യൂവിനെ തകർക്കുകയോ നശിപ്പിക്കുകയോ ചെയ്യും. ഇത് കോശങ്ങളുടെ പ്രവർത്തനത്തെ തകരാറിലാക്കുകയും കോശങ്ങളുടെ മരണത്തിന് കാരണമാവുകയും ചെയ്യും. ലിവർ കാൻസർ, ലിവർ സിറോസിസ്, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ കരളിനെ ബാധിക്കുന്ന അസുഖങ്ങളുമായും ഇത്തരം സാഹചര്യങ്ങൾ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. പാരസെറ്റാമോളിന്റെ വർഷങ്ങളായുള്ള അമിത ഉപയോഗം വൃക്ക, കുടൽ, ഹൃദയം എന്നിവയേയും തകരാറിലാക്കും. പാരസെറ്റമോളിലെ NAPQI എന്ന മെറ്റബൊളൈറ്റാണ് അപകടകാരി. എന്നാൽ പാരാസെറ്റമോൾ ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കുമ്പോൾ ഫലപ്രദവും സുരക്ഷിതവുമാണ് എന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.

LEAVE A REPLY