പിസിഒഎസ്‌ ഉള്ള സ്‌ത്രീകൾക്ക് അവരുടെ മധ്യകാലഘട്ടത്തില്‍ ഓര്‍മക്കുറവ് ഉണ്ടാകുമെന്ന് പഠനം

പോളിസിസ്‌റ്റിക്‌ ഓവറി സിൻഡ്രോം അഥവാ പിസിഒഎസ്‌ ബാധിച്ച സ്‌ത്രീകൾക്ക്‌ അവരുടെ മധ്യകാലഘട്ടത്തിൽ ഓർമ്മക്കുറവും ധാരണശേഷിയും സംബന്ധിച്ച പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത എന്ന് പഠന റിപ്പോർട്ട്. ന്യൂറോളജി ജേണലിലാണ്‌ ഗവേഷണ ഫലം പ്രസിദ്ധീകരിക്കുന്നത്. കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകരാണ്‌ ഇത്‌ സംബന്ധിച്ച പഠനം നടത്തിയത്‌. 18നും 30നും ഇടയിൽ പ്രായമുള്ള 907 സ്‌ത്രീകളിലാണ് പഠനം നടത്തിയത്. പിസിഒഎസ്‌ രോഗികൾ മറ്റുള്ളവരെ അപേക്ഷിച്ച്‌ ശ്രദ്ധ അളക്കുന്ന പരീക്ഷണത്തിൽ 11 % കുറവ്‌ സ്‌കോറാണ്‌ നേടിയതെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു. ഓർമ്മശക്തി, ശ്രദ്ധ, വാചികശേഷി, തലച്ചോറിന്റെ ഘടനയിലെ മാറ്റങ്ങൾ എന്നിവയും പിസിഒഎസുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷകർ നിരീക്ഷിച്ചു. പഠനത്തിൽ പങ്കെടുത്ത സ്ത്രീകളുടെ തലച്ചോറിന്റെ സ്‌കാനുകളിൽ വൈറ്റ്‌ മാറ്ററിന്റെ പൂർണ്ണത കുറവാണെന്ന്‌ ഗവേഷകർ കണ്ടെത്തി. ഇത്‌ പിസിഒഎസ്‌ ബാധിതരായ സ്‌ത്രീകളുടെ ജീവിതനിലവാരം, കരിയർ വിജയം, സാമ്പത്തിക സുരക്ഷിതത്വം എന്നിവയെ പ്രതികൂലമായി ബാധിക്കാമെന്നും ഗവേഷണ റിപ്പോർട്ടിൽ പറയുന്നു.

LEAVE A REPLY