ആഴ്ചയിൽ ഒന്നോരണ്ടോ ദിവസം മാത്രം വ്യായാമം ചെയ്യുന്നത് പോലും വണ്ണം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠന റിപ്പോർട്ട്. ചൈനയിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ഇരുപതിനും അമ്പത്തിയൊമ്പതിനും ഇടയിൽ പ്രായമുള്ള ഒന്പതിനായിരത്തിൽ അധികം പേരുടെ ആരോഗ്യ വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. ഓഫീസ് ജോലിക്കാർ, ഡ്രൈവർമാർ തുടങ്ങി ഒരുദിവസത്തിൽ ഏറെസമയവും ഇരുന്നുജോലി ചെയ്യുന്നവരിൽ ആഴ്ചയിൽ ഒന്നോരണ്ടോ ദിവസം മാത്രമുള്ള വ്യായാമരീതി ഗുണംചെയ്യുമെന്നും പഠനം പറയുന്നു. ഓട്ടം, കയറ്റം കയറുക, ഹൈക്കിങ്, സൈക്ലിങ് തുടങ്ങിയവയാണ് ഇവർക്കായി ഗവേഷകർ നിർദേശിക്കുന്ന വ്യായാമരീതികൾ. ഇത്തരം വ്യായാമമുറകൾ ശരീരത്തിലെ കൊഴുപ്പ് നീക്കംചെയ്യാൻ പെട്ടെന്ന് സഹായിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. ഒബിസിറ്റി എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.