കോട്ടയത്തെത്തിയ മാണിസാര്‍ ചിട്ട തെറ്റിച്ചില്ല, വീണ്ടും പാര്‍ട്ടി ഓഫീസില്‍

കോട്ടയം: കോട്ടയത്തു വന്നാല്‍ പാര്‍ട്ടി ഓഫീസില്‍ കയറിയിരിക്കണം, അതു കെ.എം. മാണിയുടെ ശാഠ്യവും ചിട്ടയുമായിരുന്നു. എത്ര രാത്രിയായാലും ആ പതിവിന് മാറ്റമില്ല.. ഇന്നലെ ഒടുവിലെ യാത്രയിലും മാണി ആ ചിട്ട തെറ്റിച്ചില്ല, മാറ്റമുണ്ടാക്കാന്‍ പ്രവര്‍ത്തകര്‍ സമ്മതിച്ചതുമില്ല. രാത്രി ഏറെ െവെകിയെങ്കിലും മാണി തിരുക്കരയിലെ പാര്‍ട്ടി ഓഫീസിലെത്തി, നീണ്ടുനിവര്‍ന്നുകിടന്ന്. മണിക്കൂറുകള്‍ കാത്തുനിന്ന പ്രവര്‍ത്തകരുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന ഇടറിയ മുദ്രാവാക്യങ്ങളുടെ അകമ്ബടിലോടെയാണു ഭൗതികശരീരം ഓഫീസിലേക്കെത്തിച്ചത്.
എന്നും നിറപുഞ്ചിരിയോടെ, ഉയര്‍ത്തിയ െകെകളുമായി വാഹനത്തില്‍നിന്ന് ഓഫീസിലേക്കിറങ്ങിയ മാണിയെയോര്‍ത്തു അനുനായികള്‍ വിതുമ്ബി. മാണി സാറിന് ഏറെ പ്രിയങ്കരമായ ഓഫീസിലെ നടുമുറ്റത്ത് വെളള വിരിച്ച പ്രത്യേക പീഠത്തില്‍ ഉറങ്ങിക്കിടന്ന മാണിസാറിനെ കണ്ട് കണ്ണുനീര്‍ വാര്‍ക്കാത്തവര്‍ ആരുമില്ലായിരുന്നു.
രാത്രി വൈകി മാണിസാറിനെയും വഹിച്ചുകൊണ്ടുളള അലംകൃതവാഹനം പാര്‍ട്ടി ഓഫിസിന്റെ മുന്നിലെത്തിയപ്പോള്‍ പതിവുപോലെ ബാബു ഓടിയെത്തി. അതു പതിറ്റാണ്ടുകളായുളള പതിവാണ്, മാണി സാര്‍ എത്തുമ്‌ബോള്‍ ഓഫീസ് ജീവനക്കാരനായ ബാബു ഓടിയെത്തി കാറിന്റെ ഡോര്‍ തുറന്ന് ഓഫീസിലേക്ക് ആനയിക്കും ഇന്നലെയും ആ പതിവ് തെറ്റിയില്ല. ബാബുവിന്റെ കൈ പിടിച്ചാണ് മാണി സാര്‍ ഓഫീസിലേക്ക് പ്രവേശിക്കുന്നതെങ്കില്‍ ഇന്നലെ മാണി സാറിനെ താങ്ങിയാണ് ഓഫീസിലേക്ക് കൊണ്ടുവന്നതെന്ന് മാത്രം. ഓഫീസില്‍ വന്നാല്‍ മുറിയില്‍ കയറുന്നതിനിടെ നടുമുറ്റത്ത് അല്‍പനേരം നില്‍ക്കും തിരികെ ഓഫീസില്‍ നിന്ന് ഇറങ്ങുമ്‌ബോഴും ഇത് പതിവാണ്.ആ നടുമുറ്റത്താണ് കെ.എം. ഇന്നലെ അവസാനമായി അല്‍പസമയം വിശ്രമിച്ചത്.
പാലായിലെ വീടുപോലെ തന്നെ മാണിയുടെ പ്രാണനായിരുന്നു തിരുനക്കരയിലെ ഓഫീസും. 1977 ലാണു കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്റെ പേരില്‍ 12 മുറികളുള്ള പഴയ കെട്ടിടം വാങ്ങുന്നത്. അന്നു മുതല്‍ കോട്ടയം വഴി കടന്നു പോയിട്ടുണ്ടെങ്കില്‍ മാണി ഇവിടെ കയറാതെ പോയിരുന്നില്ലെന്ന് സഹചാരികള്‍ അനുസ്മരിക്കുന്നു. ഓഫീസ് മുറിയില്‍ കാര്യങ്ങള്‍ വിലയിരുത്തിയ ശേഷം, തടി ഗോവണിയിലൂടെ മുകളിലത്തെ മുറിയിലെത്തി വിശ്രമിക്കുന്നതു മാണിയുടെ പതിവായിരുന്നു.

LEAVE A REPLY