ദിവസേന ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് ശരീരവണ്ണം വര്‍ധിക്കാന്‍ ഇടയാക്കുമെന്ന് പഠന റിപ്പോര്‍ട്ട്

ദിവസേന ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് വണ്ണം വെക്കാനിട വരുത്തുമെന്ന് പഠന റിപ്പോർട്ട്. ജാമാ പീഡിയാട്രിക്സ് എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 42 വിവിധ പഠനങ്ങളെ ആസ്പദമാക്കിയാണ് ​ഗവേഷകർ പഠനം നടത്തിയത്. എല്ലാദിവസവും ഒരു​ഗ്ലാസ് 100% ജ്യൂസ് കുടിക്കുന്നത് കുട്ടികളിലും മുതിർന്നവരിലും ചെറിയതോതിൽ വണ്ണംവെക്കാനിട വരുത്തുമെന്നാണ് പഠനത്തിലുള്ളത്. ആഡഡ് ഷു​ഗർ ചേർക്കാത്ത ജ്യൂസിനേയാണ് 100% ഫ്രൂട്ട് ജ്യൂസ് എന്നുപറയുന്നത്. പതിനൊന്നു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളിൽ ഓരോ എട്ട് ഔൺസ് അധിക ഫ്രൂട്ട് ജ്യൂസ് കുടിക്കുമ്പോഴും ബി.എം.ഐ-യിൽ വർധനവ് ഉണ്ടാകുമെന്നു പഠനം പറയുന്നു. ജ്യൂസ് കുടിക്കുന്നത് തീരെ ഒഴിവാക്കണം എന്നല്ല മറിച്ച് വണ്ണംകുറയ്ക്കുന്നവർ ജ്യൂസിന്റെ അളവ് കുറയ്ക്കുന്നതാവും അഭികാമ്യമെന്നാണ് ​ഗവേഷകർ
പഠനത്തിലൂടെ അഭിപ്രായപ്പെടുന്നത്. ജ്യൂസിലടങ്ങിയിരിക്കുന്ന ലിക്വിഡ് കലോറിയാവാം വണ്ണം വെക്കാനിട വരുത്തുന്ന കാരണമെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. ഒന്നുമുതൽ മൂന്നുവരെ പ്രായക്കാർ 4 ഔൺസ് ജ്യൂസും നാലുമുതൽ ആറുവരെ പ്രായക്കാർ 6 ഔൺസ് ജ്യൂസും, ഏഴുമുതൽ പതിനെട്ടുവരെ പ്രായക്കാർ എട്ട് ഔൺസുമാണ് ജ്യൂസ് കുടിക്കേണ്ടത് എന്ന് അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് നിർദേശിക്കുന്നു.

LEAVE A REPLY