പാർസൽ ഭക്ഷണം; സമയം ഉൾപ്പെടെ ലേബൽ പതിക്കണമെന്ന നിയമം കർശനമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്

സംസഥാനത്ത് പാർസൽ ഭക്ഷണ കവറിന് പുറത്ത് സമയം ഉൾപ്പെടെ പ്രദർശിപ്പിക്കുന്ന ലേബൽ പതിക്കണമെന്ന നിയമം കർശനമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്. ലേബലിൽ ഭക്ഷണം തയ്യാറാക്കിയ സമയം, ഉപയോഗിക്കേണ്ട സമയ പരിധി എന്നിവ കൃത്യമായി രേഖപ്പെടുത്തണം. കടകളിൽ നിന്നും വിൽപ്പന നടത്തുന്ന പാകം ചെയ്ത പാർസൽ ഭക്ഷണത്തിന് ലേബൽ പതിക്കണമെന്ന നിയമം ഉണ്ടെങ്കിലും കടയുടമകൾ പാലിക്കുന്നില്ലെന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നിയമം കർശനമായി നടപ്പിലാക്കുവാൻ കമ്മീഷണർ ജാഫർ മാലിക് നിർദ്ദേശം നൽകിയത്. പാർസൽ ഭക്ഷണം ഉപയോഗിക്കേണ്ട സയമപരിധി കഴിഞ്ഞ് കഴിക്കുന്നതുമൂലം ഭക്ഷ്യ വിഷബാധ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം പാകം ചെയ്ത ഭക്ഷണം രണ്ട് മണിക്കൂറിനുള്ളിൽ ഉപയോഗിക്കണം എന്നാണ്. നിലവിൽ പായ്ക്കറ്റുകളിൽ വിൽപ്പന നടത്തുന്ന ഭക്ഷണത്തിൽ ലേബൽ നിർബന്ധമാണ്. കടകളിൽ നിന്നും പാർസലായി വിൽപ്പന നടത്തുന്ന ഊണ്, സ്നാക്ക്സ്, മറ്റ് ഭക്ഷണങ്ങൾ എന്നിവയ്ക്കെല്ലാം നിയമം ബാധകമാണ്. ഓൺലൈൻ വഴി വിപണനം നടത്തുന്ന ഭക്ഷണ പായ്ക്കറ്റുകളിലും ലേബൽ പതിക്കണം. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കമ്മീഷണർ വ്യക്തമാക്കി.

LEAVE A REPLY