എറണാകുളം ആലങ്ങാട് നീറിക്കോട് നടന്ന ബിരിയാണി ചലഞ്ചില്‍ പങ്കെടുത്ത നൂറിലേറെ പേര്‍ക്കു ശാരീരികാസ്വാസ്ഥ്യമെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ചയാണ് ബിരിയാണി ചലഞ്ച് നടന്നത്. ഭക്ഷ്യവിഷബാധാ സംശയത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചായത്ത് ആരോഗ്യവിഭാഗത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ സ്ഥലത്ത് അടിയന്തര പരിശോധനയും മെഡിക്കല്‍ ക്യാംപും സംഘടിപ്പിച്ചു. കുട്ടികളടക്കം എണ്‍പതിലേറെ പേര്‍ ഇന്നലെ നടന്ന പരിശോധന ക്യാംപില്‍ പങ്കെടുത്തു. ഒട്ടേറെ പേര്‍ സമീപത്തെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി. നിലവില്‍ ആരുടെയും സ്ഥിതി ഗുരുതരമല്ലെന്നു മെഡിക്കല്‍ ഓഫിസര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ അസ്വസ്ഥത അനുഭവപ്പെടുന്നവര്‍ പഞ്ചായത്ത് ആരോഗ്യ വിഭാഗവുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടുള്ള അറിയിപ്പും നല്‍കിയിട്ടുണ്ട്.





















