തിരുവനന്തപുരം: തിരുവനന്തപുരം ലൈഫ് സയൻസ് പാർക്കിൽ പ്രത്യേക പോഷകഗുണമുള്ള ഭക്ഷ്യവസ്തുവായ ന്യൂട്രാ സ്യൂട്ടിക്കൽസിനുള്ള മികവിന്റെ കേന്ദ്രം സ്ഥാപിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ലൈഫ് സയൻസ് പാർക്കിൽ ലഭ്യമായ 5 ഏക്കർ സ്ഥലം മികവിന്റെ കേന്ദ്രത്തിനായി മാറ്റിവെയ്ക്കും. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനെ കേന്ദ്രത്തിലെ റിസർച്ച് ആന്റ് ഇന്റസ്ട്രി ഇന്റർഫെയ്‌സ് ഡിവിഷന്റെ ചുമതല ഏൽപിക്കും. പോഷക ഗുണമുള്ള ന്യൂട്രാ സ്യൂട്ടിക്കൽസ് ഭക്ഷണ വസ്തുക്കളേക്കാൾ ആരോഗ്യഗുണമുള്ളവയാണ്. കുറഞ്ഞ പാർശ്വഫലങ്ങളും പ്രകൃതിജന്യ വസ്തുകളിൽ നിന്നുള്ള ഉൽഭവവും ഇവയെ കൂടുതൽ ആകർഷകവും സ്വീകാര്യവുമാക്കുന്നു. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിലും അലർജികൾ, അൽഷിമേഴ്‌സ്, ഹൃദ്രോഗം, ക്യാൻസർ, പൊണ്ണത്തടി, പാർക്കിൻസൺസ്, നേത്രരോഗം തുടങ്ങിയവയ്‌ക്കെതിരെയും ന്യൂട്രാ സ്യൂട്ടിക്കൽസ് ഉപയോഗിക്കാമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കേരളം ജൈവവൈവിധ്യ ഹോട്ട്‌സ്‌പോട്ട് ആയതിനാൽ ആഗോളതലത്തിൽ മികച്ച വിദേശ നാണ്യവും തൊഴിൽ സാധ്യതയും സൃഷ്ടിക്കുന്നതിന് വ്യവസായത്തെ പരിപോഷിപ്പിക്കുന്നതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.