കുവൈറ്റ് : ഗാർഹിക തൊഴിലാളി കരാർ കാലാവധി പൂർത്തീകരിച്ചില്ലെങ്കിൽ നഷ്ടപരിഹാരം നൽകേണ്ടതില്ല

കുവൈത്തിൽ ഗാർഹിക തൊഴിലാളിയും സ്പോൺസറുമായുള്ള കരാർ കാലാവധി പൂർത്തീകരിച്ചില്ലെങ്കിൽ നഷ്ടപരിഹാരം നൽകേണ്ടതില്ലെന്ന് കോടതി. കുവൈറ്റ് സ്വദേശിയായ സ്പോൺസർ നൽകിയ കേസിൽ അപ്പീൽ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. രണ്ട് വർഷത്തെ കരാർ കാലാവധി പൂർത്തീകരിച്ചില്ല എന്ന കാണിച്ചാണ് ഗാർഹിക തൊഴിലാളിക്കെതിരെ സ്പോൺസർ കോടതിയെ സമീപിച്ചത്.

കരാർ കാലാവധി പൂർത്തിയാകുന്നതുവരെ തൊഴിലാളി ജോലിയിൽ തുടരണമെന്നും അല്ലെങ്കിൽ കരാർ കാലാവധി പൂർത്തിയാക്കുന്നതിൽ വരുത്തിയ വീഴ്ചയ്ക്ക് നഷ്ടപരിഹാരം നൽകണമെന്നുമായിരുന്നു പരാതിക്കാരന്റെ ആവശ്യം. കേസിൽ ഇരു വിഭാഗത്തിന്റെയും വാദം കേട്ട ശേഷം നഷ്ടപരിഹാരം നൽകാൻ തൊഴിലാളിക്ക് ബാധ്യതയില്ലെന്നായിരുന്നു കോടതി വിധിച്ചത്.

കരാറിൽ വീഴ്ച്ച വരുത്തി തൊഴിലാളി ജോലി ചെയ്യാൻ വിസമ്മതിക്കുകയോ ഒളിച്ചോടുകയോ ചെയ്താൽ പോലും തൊഴിലാളിയിൽ നിന്ന് തൊഴിലുടമയ്ക്ക് നഷ്ടപരിഹാരം ഈടാക്കാൻ ലേബർ റിക്രൂട്ട്മെന്റ് നിയമത്തിൽ പറഞ്ഞിട്ടില്ലെന്നും കരാർ കാലാവധി നിറവേറ്റാൻ തൊഴിലാളിയെ നിർബന്ധിക്കുന്നത് അടിമത്തമായോ നിർബന്ധിത തൊഴിലായോ കണക്കാക്കുമെന്നും കോടതി വ്യക്തമാക്കി.

സ്പോൺസറിൽ നിന്ന് ഓടിപ്പോകുന്നത് രാജ്യത്തെ നിയമപ്രകാരം അനുവദനീയമല്ലെങ്കിലും ഇതിന് സ്പോൺസർക്ക് നഷ്ടപരിഹാരം നൽകണമെന്ന് നിയമത്തിൽ വ്യവസ്ഥയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

LEAVE A REPLY