സംസ്ഥാനത്ത് സ്റ്റുഡന്റ് ഡോക്ടര്‍ കാഡറ്റ് പദ്ധതിക്ക് തുടക്കമായി

വയനാട്: സ്റ്റുഡന്റ് ഡോക്ടര്‍ കാഡറ്റ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ സമൂഹികനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ നിര്‍വ്വഹിച്ചു. സ്റ്റുഡന്റ് ഡോക്ടര്‍ കാഡറ്റ് പദ്ധതി സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ കുട്ടികള്‍ക്കായി നിരവധി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കുട്ടികളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് കുട്ടികള്‍ക്കിടയില്‍ തന്നെ അവരുടെ പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിനായി കുട്ടി ഡോക്ടര്‍മാര്‍ എന്ന പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയിലൂടെ കുട്ടികളുടെ മാനസിക, ശാരീരിക ആരോഗ്യം ഉറപ്പ് വരുത്താന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. മുതിര്‍ന്നവര്‍ക്ക് വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി നല്‍കാനും കുട്ടി ഡോക്ടര്‍മാര്‍ക്ക് സാധിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജില്ലയില്‍ 1882 കുട്ടികളാണ് പദ്ധതിയുടെ ഭാഗമായി പരിശീലനം നേടിയത്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്നാണ് താത്പര്യവും കാര്യക്ഷമതയുമുള്ള കുട്ടികളെ കണ്ടെത്തി പ്രത്യേക പരിശീലനം നല്‍കിയത്. രാജ്യത്തെ സ്വതന്ത്ര സിവിലിയന്‍ ബഹുമതിയായ സ്‌കോച്ച് അവാര്‍ഡും പദ്ധതിയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതോടൊപ്പം ഹാംലറ്റ് ആശ രണ്ടാംഘട്ട പരിശീലന പരിപാടിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.

LEAVE A REPLY