ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്തിൽ നിന്നും രാജസ്ഥാനിലേക്ക് കടന്നു

ജയ്‌പൂർ: ഗുജറാത്തില്‍ വന്‍ നാശനഷ്ടം വിതച്ച ബിപോര്‍ജോയ് ചുഴലിക്കാറ്റ് രാജസ്ഥാനിലേക്ക് കടന്നു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മഴ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ബിപോര്‍ജോയ് ചുഴലിക്കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അനുമാനം. ചുഴലിക്കാറ്റ് നാശം വിതച്ച ഗുജറാത്തില്‍ ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇലക്ട്രിക് പോസ്റ്റുകള്‍ മറിഞ്ഞുവീണതിനെ തുടര്‍ന്ന് ഇരുട്ടിലായ ആയിരത്തിലേറെ ഗ്രാമങ്ങളിലെ വൈദ്യുത ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഗുജറാത്ത് സര്‍ക്കാര്‍. ഗതാഗത തടസം സൃഷ്ടിച്ച് റോഡിലേക്ക് മറിഞ്ഞ് വീണ മരങ്ങളും നീക്കിവരികയാണ്. അതേസമയം കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥാ പ്രവചനം. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനമില്ലാതാകുന്നതോടെ അടുത്ത ദിവസങ്ങളില്‍ കാലവര്‍ഷം മെച്ചപ്പെടുമെന്നും, ചൊവ്വാഴ്ചയോടെ മഴ കൂടുതല്‍ ശക്തമായേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

LEAVE A REPLY